സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി, നിയമന നടപടികള്‍ മരവിപ്പിച്ച് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കണമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വലിയ കുരുക്കാകും. മന്ത്രി സ്വജനപക്ഷപാതം കാണിച്ചതിന് തെളിവ് വേറെ വേണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

തിരുവനന്തപുരം: ചട്ടം ലംഘിച്ച് കണ്ണൂര്‍ വിസിയെ (Kannur Vice Chancellor) പുനര്‍ നിയമിക്കാൻ ഗവര്‍ണര്‍ക്ക് (Governor) ശുപാര്‍ശ നല്‍കിയ ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ (R Bindu) രാജിക്കായി സമ്മര്‍ദ്ദം ശക്തമാക്കി പ്രതിപക്ഷം. സത്യപ്രതിഞ്ജാ ലംഘനം നടത്തിയതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയ്ക്ക് പരാതി നല്‍കും. വിവാദം ശക്തമാകുമ്പോഴും പ്രതികരിക്കാൻ പ്രൊഫസര്‍ ആര്‍ ബിന്ദു തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ പോരിനിടെ സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന കത്താണ് പുറത്ത് വന്നത്. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി, നിയമന നടപടികള്‍ മരവിപ്പിച്ച് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കണമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വലിയ കുരുക്കാകും. മന്ത്രി സ്വജനപക്ഷപാതം കാണിച്ചതിന് തെളിവ് വേറെ വേണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. സെര്‍ച്ച് കമ്മിറ്റി നിലവിലുണ്ടായിട്ടും ഗോപിനാഥ് രവീന്ദ്രനാണ് യോഗ്യതയെന്ന് മന്ത്രി എങ്ങനെ കണ്ടെത്തി എന്ന ചോദ്യവും പ്രധാനം. 

വിസി നിയമനത്തിനായ അപേക്ഷിച്ചവര്‍ക്ക് എന്താണ് അയോഗ്യത, എന്ത് കൊണ്ട് സെര്‍ച്ച് കമ്മിറ്റി പിരിച്ച് വിടുന്നു ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് മറുപടിയില്ല. കൃത്യമായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രിയും സര്‍ക്കാരും വഴി വിട്ട് ശ്രമിച്ചതിന്‍റെ വ്യക്തമായ തെളിവുകളാണ് പുറത്ത് വന്നത്.

സ്വജനപക്ഷപാതത്തിനാണ് മുൻ മന്ത്രി കെടി ജലീല്‍ ലോകായുക്തയില്‍ നിന്ന് തിരിച്ചടി നേരിട്ട് പുറത്ത് പോകേണ്ടി വന്നത്. അതുകൊണ്ട് രാഷ്ട്രീയ നീക്കത്തിനൊപ്പം പ്രൊഫസര്‍ ബിന്ദുവിനെതിരെ നിയമപരമായി കൂടി നീങ്ങാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. 

സര്‍വകലാശാലകളിലെ അക്കാദമിക നിലവാരം മെച്ചപ്പെട്ടെന്ന് എറണാകുളം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ഉന്നതവിദ്യാഭ്യാസ മന്ത്രി ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്തിനെക്കുറിച്ച് മിണ്ടിയില്ല. 

വലിയ വിവാദമായിട്ടും മന്ത്രി ഒന്നും മിണ്ടുന്നില്ല. വീട്ടിലും ഓഫീസും മാധ്യമങ്ങള്‍ കാത്ത് നിന്നിട്ടും പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി. മന്ത്രിക്ക് പൊലീസ് സുരക്ഷ കൂട്ടി. ഗവര്‍ണറോട് നേരിട്ട് ഏറ്റുമുട്ടേണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. നിലവിലുള്ള വിസി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സാഹചര്യത്തിലാണ് പുനര്‍ നിയമനത്തിന് കത്ത് നല്‍കിയതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നത്. ഇനി ലോകായുക്തയില്‍ രമേശ് ചെന്നിത്തല കൊടുക്കുന്ന കേസും ഹൈക്കോടതിയില്‍ നിലവിലുള്ള കേസും മന്ത്രിക്കും ഏറെ നിര്‍ണ്ണായകമാകും

മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാ‌ർച്ച്

മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. കൊടികളുമായി എത്തിയ അഞ്ച് പ്രവർത്തകരാണ് വീട്ടിലേക്ക് കയറാൻ ശ്രമിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് മന്ത്രിയുടെ വീട്ടിലും ഓഫീസിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കത്ത് കുരുക്കാകും

ഗവര്‍ണര്‍ക്കെതിരായ രാഷ്ട്രീയനീക്കം ശക്തമാക്കുന്നതിനിടെ മന്ത്രി ആര്‍ ബിന്ദു എഴുതിയ കത്ത് നിയമക്കുരുക്കിലേക്ക് നീങ്ങുന്നത് സര്‍ക്കാരിനും മുന്നണിക്കും കനത്ത തിരിച്ചടിയായി. ഗവര്‍ണര്‍ പരാതിക്കാരനാകുന്നതും, വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് തള്ളിക്കളയാനാകാത്തതും വിഷയത്തിന്‍റെ ഗൗരവം പതിന്‍മടങ്ങ് കൂട്ടുന്നതാണ്. പെട്ടെന്ന് പരിഹരിക്കാനാകാത്ത പ്രതിസന്ധിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്. 

സാധാരണ മന്ത്രിമാര്‍ക്കെതിരെ പരാതിയുണ്ടാകുമ്പോള്‍ പ്രതിപക്ഷം പരാതിയുമായി രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് പരാതി കൊടുക്കുകയാണ് പതിവ്. ഇവിടെ ഗവര്‍ണര്‍ തന്നെ പരാതിക്കാരനായി നില്‍ക്കുന്ന അസാധാരണ സാഹചര്യമാണ്. മന്ത്രി സ്വന്തം ലെറ്റര്‍ പാഡില്‍ ഒരാള്‍ക്കായി കത്തെഴുതുകയും കത്ത് പുറത്താകുകയും ചെയ്യുമ്പോള്‍ സത്യപ്രതിജ്ഞാലംഘനത്തിന്‍റെ സംസാരിക്കുന്ന തെളിവായി അത് മാറുന്നു. 

തന്നെ സമ്മര്‍ദ്ദത്തിലാക്കിയാണ് വിസിയെ നിയമിച്ചതെന്ന് ഗവര്‍ണര്‍ പരാതിപ്പെട്ട ഈ കത്ത് മന്ത്രി ആര്‍ ബിന്ദു സ്വന്തം തീരുമാനപ്രകാരം ചെയ്യില്ലെന്നുറപ്പാണ്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകുന്നത്. തന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യക്ക് നിയമനം നല്‍കിയതിനുള്ള പ്രത്യുപകാരമായി കണ്ണൂര്‍ വിസി ക്ക് നിയമനത്തുടര്‍ച്ച കൊടുത്തുവെന്നാണ് നിഗമനം. 

സ്വാഭാവികമായി മുഖ്യമന്ത്രി തന്നെ മറുപടി പറയേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. രാഷ്ട്രീയ ധാര്‍മികതക്കൊപ്പം സര്‍ക്കാര്‍ നിയമപരമായി മറുപടി പറയേണ്ട അവസ്ഥയിലുമാണ്. പ്രോവൈസ് ചാന്‍സിലറെന്ന നിലയില്‍ വിഷയത്തിലിടപെട്ടുവെന്ന ദുര്‍ബല പ്രതിരോധം മാത്രമാണ് മന്ത്രിയുടെ ഓഫീസിന്‍റെ അനൗദ്യോഗിക വിശദീകരണം. ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ചാലും നിയമനടപടികള്‍ സര്‍ക്കാരിന് തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.