Asianet News MalayalamAsianet News Malayalam

എല്ലാം കർഷകർക്കുവേണ്ടി! പാൽവില വർധനയിൽ മന്ത്രി ചിഞ്ചുറാണി

കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്ന് പിന്‍മാറുന്നുത് തുടരുകയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മലപ്പുറത്ത് പറഞ്ഞു.

Minister response on milk price hike in Kerala
Author
First Published Nov 27, 2022, 7:44 AM IST

തിരുവനന്തപുരം: പാൽ വിലവര്‍ധനയുടെ പ്രയോജനം കര്‍ഷകര്‍ക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തില്‍ മായം കലർന്ന പാലെത്തുന്നത് തടയാൻ അതിർത്തികളിൽ പരിശോധന വർധിപ്പിച്ചെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കര്‍ഷകര്‍ ക്ഷീരമേഖലയില്‍ നിന്ന് പിന്‍മാറുന്നുത് തുടരുകയാണെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം ജില്ലയിൽ മാത്രം പാല്‍ ഉല്‍പ്പാദനത്തില്‍ 27 ശതമാനം കുറവുണ്ടായെന്നും അദ്ദഹം പറഞ്ഞു. ഏറ്റവും കൂടുതൽ ക്ഷീരകർഷകർ മേഖലയിൽ നിന്ന് കൊഴിഞ്ഞുപോ‌യതും മലപ്പുറത്താണ്. കോവിഡ് പ്രതിസന്ധി അവസാനിച്ചതോ‌ടെ രം​ഗത്തുണ്ടായിരുന്നവർ തിരികെ വിദേശങ്ങളിലേക്ക് പോയതും ക്ഷീരമേഖലക്ക് തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.

മായം കലര്‍ന്ന പാല്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി ചിഞ്ചുറാണി വിശദീകരിച്ചു. കാല്‍സ്യക്കുറവു മൂലം തളർന്നുവീഴുന്ന പശുക്കൾക്ക് ചികിത്സ നൽകാൻ കൂടുതൽ സംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്. എട്ട് രൂപ 57 പൈസയുടെ വർധനയാണ് മിൽമ നേരത്തെ ശുപാർശ ചെയ്തിരുന്നത്. ഇതിൽ ആറ് രൂപയുടെ വർധനക്ക് സർക്കാർ അനുമതി നൽകി. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കുത്തനെ കൂട്ടാനുള്ള തീരുമാനം. പാൽ വിലയും ഉല്‍പ്പാദന ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മിൽമയുടെ നടപടി. എന്നുമുതൽ വില വർധന പ്രാബല്യത്തിൽ വരുത്തണമെന്ന കാര്യം മിൽമ ചെയർമാന് തീരുമാനിക്കാം.

Follow Us:
Download App:
  • android
  • ios