ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീതിന്‍റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ.
ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan). യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു. കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീതിന്‍റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ.
രൺജീത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോവുകയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റൽ തെളിവുകൾ ഒന്നും പ്രതികൾ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. ആലപ്പുഴ ജില്ലയിൽ ഇന്നലെ രാത്രിയിലും എസ്‍ഡിപിഐ- ആര്‍എസ്എസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന ഉണ്ടായിരുന്നു. കെ എസ് ഷാൻ വധക്കേസിൽ അറസ്റ്റിലായ അഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിലുള്ള അഞ്ച് എസ്‍ഡിപിഐ പ്രവർത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും.
