തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർച്ചയിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശ ലംഘന നോട്ടീസിൽ 
വിശദീകരണം നൽകുന്നതിന് നിയമസഭാ എത്തിക്സ് കമ്മിറ്റി തോമസ് ഐസക്കിനെ വിളിപ്പിച്ചു. ഈ മാസം 29 ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണം. നോട്ടീസ് നൽകിയ വിഡി സതീശനെ നിയമസഭാ സമിതി ഇന്ന് വിസ്തരിച്ചു. മന്ത്രിക്കെതിരെ നടപടി എടുത്തില്ലെങ്കിൽ റിപ്പോർട്ട് സഭക്ക് മുന്നിൽ വയ്ക്കുന്നതിന് മുൻപ് പുറത്ത് വിടുന്നത് കീഴ്വഴക്കമാകുമെന്ന് സതീശൻ വ്യക്തമാക്കി. മന്ത്രി നിയമം ലംഘിച്ചുവെന്നും സതീശൻ സമിതിക്ക് മുന്നിൽ പറഞ്ഞു. 

ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തുന്നത് ഇതാദ്യമാണ്. ഒൻപത് അംഗ കമ്മിറ്റിയിൽ ആറു പേരും ഇടത് അംഗങ്ങളായതിനാൽ നടപടിക്ക് സാധ്യത കുറവാണ്. നടപടിക്ക് ശുപാർശ ചെയ്താലും നിയമസഭയിലെ അംഗബലം അനുസരിച്ച് സർക്കാറിന് അത് തള്ളിക്കളയാം.