ദില്ലി: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെടാന്‍ ചൊവ്വാഴ്ച ഗവര്‍ണറെ നേരില്‍ക്കാണുമെന്നും അദ്ദേഹം അറിയിച്ചു.

മൊറട്ടോറിയം നീട്ടുന്ന കാര്യത്തില്‍ റിസര്‍വ്വ് ബാങ്കിന്‍റെ തീരുമാനമാണ് പ്രധാനം. അതുകൊണ്ടുതന്നെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അറിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകൃഷിമന്ത്രിയെയും വാണിജ്യമന്ത്രിയെയും ഇതിനു മുന്നോടിയായി കാണുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. 

പ്രളയത്തില്‍ ദുരിതം അനുഭവിച്ച കര്‍ഷകരോട് കടുത്ത അവഗണന കാട്ടുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇത്രയും ദുരിതത്തില്‍ പെട്ടിട്ടും ഒരു കാര്‍ഷികപാക്കേജ് പോലും പ്രഖ്യാപിക്കാത്തത് മനുഷ്യത്വരഹിതമായ കാര്യമാണ്. ജനാധിപത്യപരമായ രീതിയില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ച് അതിനോടുള്ള പ്രതിഷേധം അറിയിക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. 

കര്‍ഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് വഴി തേടി സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗം ചേര്‍ന്നിരുന്നു. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനെ ഒരിക്കല്‍ കൂടി സമീപിക്കാന്‍ യോഗത്തില്‍ തീരുമാനമാവുകയായിരുന്നു.