Asianet News MalayalamAsianet News Malayalam

വാക്ക് പാലിച്ച് വിദ്യാഭ്യാസമന്ത്രി; ചെല്ലാനത്തെ ജോസഫ് ഡോണിന് പഠിക്കാൻ മൊബൈൽ ഫോൺ കിട്ടി

ഏഷ്യാനെറ്റ് ന്യൂസിലെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിളിച്ചാണ് എറണാകുളം ചെല്ലാനം സ്വദേശിയായ, ഏഴാംക്ലാസുകാരൻ ജോസഫ് ഡോൺ ഫോണില്ലാത്ത സങ്കടം പറഞ്ഞത്. അപ്പോൾത്തന്നെ മന്ത്രി പ്രശ്നത്തിന് പരിഹാരമുണ്ടാക്കി. ചെല്ലാനത്തെ വെള്ളം കയറിയ വീട്ടിലേക്ക് മൊബൈൽ ഫോണും കൊണ്ട് എംഎൽഎയെത്തി.

minister v sivankutty keeps his word chellanam joseph donn got a mobile phone for online class
Author
Chellanam, First Published May 30, 2021, 9:19 AM IST

കൊച്ചി: ഓൺലൈൻ പഠനം വഴിമുട്ടിയ വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ എത്തിച്ച് നൽകി കൊച്ചി എംഎൽഎ കെ ജെ മാക്സി. ഏഷ്യാനെറ്റ് ന്യൂസിലെ മന്ത്രിയോട് ചോദിക്കാം പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വിളിച്ചാണ് എറണാകുളം ചെല്ലാനം സ്വദേശിയായ, ഏഴാംക്ലാസുകാരൻ ജോസഫ് ഡോൺ ഫോണില്ലാത്ത സങ്കടം പറഞ്ഞത്. അപ്പോൾത്തന്നെ മന്ത്രി പ്രശ്നത്തിന് പരിഹാരമുണ്ടാക്കി.

ടിവിയിൽ ഒരുപാട് പേർ മന്ത്രിയെ വിളിക്കുകയും പ്രശ്നം പറയുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് തന്റെ സങ്കടവും പറഞ്ഞാലോയെന്ന് ജോസഫിന് തോന്നിയത്. കിട്ടുമെന്ന് കരുതിയില്ലെങ്കിലും അപ്പുറം ഫോണെടുത്തു, വിഷമം മന്ത്രിയോട് പറഞ്ഞു. ഉടനടി പരിഹാരവുമായി. ചെല്ലാനത്തെ വെള്ളം കയറിയ വീട്ടിലേക്ക് മൊബൈൽ ഫോണും കൊണ്ട് എംഎൽഎയെത്തി.

വാടകയ്ക്കാണ് ജോസഫ് ഡോണിന്റെ കുടുംബം താമസിക്കുന്നത്. അതും പൊളിഞ്ഞുതുടങ്ങിയ, വെള്ളം കയറിയ കൊച്ചുവീട്ടിൽ. പുതിയ വീട് പണിതു തുടങ്ങിയെങ്കിലും വേലിയേറ്റകാലത്ത് ജോലിയില്ലാതായതോടെ പണി തുടങ്ങിയിടത്ത് തന്നെ നിന്നു. അതോടെ ജോസഫും ആറാംക്ലാസുകാരൻ അനിയനും ഓൺലൈൻ ക്ലാസിന് ഫോൺ വേണമെന്ന സ്വപ്നം മാറ്റി വെച്ചു. വേണ്ടെന്ന് വച്ച ആ സ്വപ്നമാണ് ഒറ്റ ഫോൺകോളിലൂടെ മന്ത്രി നടപ്പാക്കിക്കൊടുത്തത്.

എംഎൽഎ പോയ ഉടനെ വീട്ടിലെ കൊച്ചുഫോണിൽ നിന്ന് അപ്പച്ഛനെ വിളിച്ചവൻ സന്തോഷം പറഞ്ഞു. കൂടെയൊരാവശ്യവും അറിയിച്ചു, ഫോണിനൊരു കവറ് വാങ്ങണം. ഓൺലൈൻ ക്ലാസിന് ഫോൺ ഉപയോഗിക്കണമെങ്കിൽ സിം ഇടണം. അത് വാങ്ങണം. അതിന് മുൻപ് ഒപ്പമുള്ളവരെയെല്ലാം കൂട്ടി ഒരു സെൽഫിയും എടുത്തു ഈ മിടുക്കൻ. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios