ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിയുടെ പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരിക്കലും വാഗ്ദാനങ്ങൾ പാലിക്കാത്ത പാർട്ടിയാണ് ബിജെപിയെന്നും പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികൾ മാത്രമാണെന്നും മന്ത്രി പറഞ്ഞു. 2036ലെ ഒളിമ്പിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ നൽകേണ്ട പ്രകടനപത്രിക ആണോ ഇതെന്ന് ചോദിച്ച മന്ത്രി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയാറാക്കുന്നതിനുള്ള സാമാന്യ വിവരം പോലും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനില്ലെന്നും പറഞ്ഞു.
ഒളിമ്പിക്സ് വേദി പ്രഖ്യാപിക്കുന്നതിൽ ചില നടപടിക്രമങ്ങൾ ഉണ്ട്. ഒളിമ്പിക് അസോസിയേഷനാണ് എവിടെ വെച്ച് നടത്തണമെന്നുള്ള കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത്. അതിൽ രാജീവ് ചന്ദ്രശേഖറിന് എന്ത് കാര്യമാണുള്ളത്? ഒളിമ്പിക് അസോസിയേഷനും രാജീവ് ചന്ദ്രശേഖറും തമ്മിൽ എന്ത് ബന്ധമാണുള്ളത്? ജനങ്ങളെ നിരന്തരമായി കബളിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. കോർപറേഷൻ അധികാരത്തിൽ ബിജെപി എത്തിയാൽ വികസന രേഖ പുറത്തിറക്കാൻ പ്രധാനമന്ത്രി എത്തുമെന്നാണ് അടുത്ത വാദം. പ്രധാനമന്ത്രിയെ കൊണ്ടു വരികയൊന്നും വേണ്ടെന്നും കേരളത്തിന് നിയമാനുസൃതമായി കേന്ദ്രം തരേണ്ട തുകയുണ്ട്. അത് തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും വാഗ്ദാനങ്ങൾ പാലിക്കാത്ത പാർട്ടിയാണ് ബിജെപി. 50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നൽകുമെന്ന വാദവും ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടിയാണ്. വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവും ബിജെപിക്കില്ല. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നതെന്നും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റുകൾ മുന്നത്തേതിൽ നിന്ന് കുറയുമെന്നും ശിവൻകുട്ടി പറഞ്ഞു.


