ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി എൻ വാസവൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം : ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി എൻ വാസവൻ. പൊതുപ്രവർത്തകർ മാതൃക കാട്ടേണ്ടവരാണമെന്നും കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനം പറയണമെന്നും വാസവൻ ആവശ്യപ്പെട്ടു. സിപിഎം നേതാക്കൾക്ക് എതിരായ കേസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയതാണെന്നും മന്ത്രിക്ക് എതിരായ ആരോപണം ഉന്നയിച്ചവരെ പോലും കാണാതായെന്നുമാണ് വാസവന്റെ വിശദീകരണം. മന്ത്രിക്ക് എതിരായ ആരോപണം ഉന്നയിച്ചവരെ പോലും കാണാതായെന്നും ഓരോ സംഭവവും അതിന്റെ മെറിറ്റിൽ പരിശോധിക്കണമെന്നും വാസവൻ ചൂണ്ടിക്കാട്ടുന്നു.
രാജി കേരളത്തിന്റെ പൊതുവികാരം
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. കേരളത്തിൽ ഒരു എംഎൽഎക്കെതിരെ ഇത്ര വ്യക്തതയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ കോണിൽ നിന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇത് കേരളത്തിൻ്റെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനെതിരെ വന്നത് ആരോപണങ്ങൾ മാത്രമാണ്. അതിൽ തെളിവുണ്ടായിരുന്നില്ല. രാഹുലിനെതിരെ പരാതി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. പക്ഷേ എതിരെയുള്ള തെളിവുകൾ കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൻ്റെ പുതിയ നേതൃത്വം ഈ രീതിയിലാണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ്. മൂല്യമില്ലാതെ എന്തും ചെയ്യാവുന്ന ജീർണത ഇവരെ ബാധിച്ചിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവച്ചേ പറ്റു
സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവച്ചേ പറ്റു. എം എൽ എ സ്ഥാനം രാജിവെക്കണമെന്നതാണ് മാന്യമായ സമീപനമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഇവരൊക്കെ ഷാഫി പറമ്പിലിന്‍റെ സ്കൂളിൽ പഠിച്ചവരാണ്. വിഷയത്തിൽ പ്രതികരിക്കാതെ ഷാഫി ഒരക്ഷരം മിണ്ടാതെ പോയി. ഷാഫിയുടെ സ്കൂളിൽ പഠിച്ചതുകൊണ്ടാണ് ഷാഫി ഒന്നും മിണ്ടാത്തത്. ഷാഫിയാണ് ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്ററെ സംശയിക്കേണ്ടതുണ്ടോയെന്നും ശിവൻ കുട്ടി ചോദിച്ചു.

