Asianet News MalayalamAsianet News Malayalam

കർഷകപ്രതിസന്ധി: മൊറട്ടോറിയം വൈകിയതിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കടുത്ത അതൃപ്തി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇതോടെ കർഷകർക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ കഴിയാതെയായി. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് തന്നെയാണ് മന്ത്രിമാർ പറയുന്നത്. 

ministers too angry against the delay in moratorium for farmers in kerala
Author
Thiruvananthapuram, First Published Mar 27, 2019, 11:11 AM IST

തിരുവനന്തപുരം: കാർഷികപ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം കാണാൻ മൊറട്ടോറിയം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ മന്ത്രിമാർക്കും അതൃപ്തി. ഇടുക്കിയിലും വയനാട്ടിലും കർഷക ആത്മഹത്യകൾ പെരുകുകയും മഹാപ്രളയത്തിന് ശേഷമുള്ള വരൾച്ചാക്കാലത്ത് കർഷകർ ദുരിതത്തിലും കടക്കെണിയിലുമാവുകയും ചെയ്തതോടെയാണ് താൽക്കാലികാശ്വാസമായി മൊറട്ടോറിയം പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്.

പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇത് കുരുക്കിലായി. പെരുമാറ്റച്ചട്ടലംഘനമാവുമെന്നതിനാൽ മൊറട്ടോറിയം പ്രഖ്യാപിക്കാൻ കഴിയാതെയായി. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വന്ന അനാസ്ഥയാണെന്നാണ് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ ഉൾപ്പടെയുള്ള ഒരു സംഘം മന്ത്രിമാരുടെ അഭിപ്രായം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുതിയ പ്രഖ്യാപനങ്ങൾ സർക്കാർ നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ നിലവിലുള്ള പദ്ധതികളെക്കുറിച്ചുള്ള ഫയലുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാറുണ്ട്. ഈ ഫയലുകളിൽ മൊറട്ടോറിയത്തെക്കുറിച്ച് കൃത്യമായി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ അടിയന്തരസഹായമായി പ്രഖ്യാപിക്കേണ്ട മൊറട്ടോറിയം നൽകാനുമായില്ല.

ഈ ഫയലുകൾ കൊടുത്ത ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യത്തിൽ മറുപടി പറയട്ടെ എന്ന നിലപാടാണ് മന്ത്രിമാർക്ക്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി കേരളത്തിലെ വരൾച്ചയുടെയും കൊടും ചൂടിന്‍റെയും സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ മൊറട്ടോറിയത്തിൽ എന്ത് തുടർനടപടി വേണമെന്ന് തീരുമാനിക്കും.

നേരത്തേ കൃഷിമന്ത്രി വി എസ് സുനിൽകുമാർ തന്നെ മൊറട്ടോറിയം ഉത്തരവിറക്കാൻ വൈകിയതിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സാധാരണ നിലയില്‍ 48 മണിക്കൂറിനകം ഉത്തരവിന് ഇറങ്ങേണ്ടതാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നായിരുന്നു സുനിൽകുമാർ പറഞ്ഞത്.

കൃഷി വകുപ്പിന്‍റെ സ്പെഷ്യല്‍ സെക്രട്ടറി രത്തന്‍ ഘേല്‍ക്കറുടെ ഉത്തരവ് 2019 മാര്‍ച്ച് ഏഴിന് തന്നെ ഇറങ്ങിയിട്ടുണ്ട്. എന്താണ് പിന്നീട് സംഭവിച്ചതെന്ന് അന്വേഷിച്ച് മാത്രമേ അറിയാനാകൂ. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനങ്ങളില്‍ ഉത്തരവിറക്കേണ്ട ഉത്തരവാദിത്വം ചീഫ് സെക്രട്ടറിക്കാണ്. സാങ്കേതിക കാര്യമെന്നതിലപ്പുറം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കര്‍ഷകര്‍ക്കോ മൊറട്ടോറിയം പ്രഖ്യാപിച്ചതിന്‍റെ ഗുണഭോക്താക്കള്‍ക്കോ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios