കേരള സർക്കാർ 'മിന്നൽ മാജിക്' എന്ന പേരിൽ പുതിയ മദ്യ ബ്രാൻഡ് പുറത്തിറക്കുന്നു. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ ഉത്പാദിപ്പിക്കുന്ന ഈ മദ്യം ഒരു മാസത്തിനുള്ളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ലഭ്യമാകും.
പാലക്കാട്: കേരള സർക്കാരിന്റെ പുതിയ ബ്രാൻഡി മിന്നൽ മാജിക് ഉടൻ വിപണിയിലെത്തും. പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ ഉത്പാദനത്തിന് തുടക്കമായി. നേരത്തെ 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് തിരുത്തി 'മിന്നൽ മാജിക്' എന്ന് പേരിടുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി ഇത് പൊതുജനങ്ങൾക്ക് ലഭ്യമാകും. തറക്കല്ലിട്ട് വെറും നാലര മാസം കൊണ്ടാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. മിനിറ്റിൽ 240 കുപ്പികളിൽ മദ്യം നിറയ്ക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. പ്രതിദിനം 13,500 കേയ്സ് മദ്യമാണ് ഇവിടെ ഉത്പാദിപ്പിക്കുക. നിലവിൽ അര ലിറ്റർ കുപ്പികളിലാണ് മദ്യം പുറത്തിറക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
മദ്യ ഉത്പാദനത്തിന് പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. നിലവിൽ ജല അതോറിറ്റിയുമായി കരാറുണ്ടാക്കി മലമ്പുഴയിലെ പ്ലാന്റിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ മഴവെള്ള സംഭരണി സ്ഥാപിക്കാനും പദ്ധതിയുണ്ട്. മദ്യത്തിന് പുറമെ സ്പിരിറ്റ് കൂടി ഇവിടെ ഉത്പാദിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ബാറുകളുടെ സമയം നീട്ടിയത് ഉൾപ്പെടെയുള്ള സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തം ബ്രാൻഡുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പ്രതിദിനം ഒരു ലക്ഷം ലിറ്റർ വെള്ളമാണ് മദ്യം ഉൽപാദനത്തിന് വേണ്ടത് തുടക്കത്തിൽ മലമ്പുഴയിലെ ശുദ്ധജല പ്ലാന്റിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇതിനു ജല അതോറിറ്റിയുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. അടുത്തഘട്ടത്തിൽ മഴവെള്ള സംഭരണി സ്ഥാപിക്കും.


