ജയറാം-ഉർവശി ഒന്നിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയിൽ, ജയറാമിന്റെ പേരിനൊപ്പം മറ്റൊരാളുടെ ഫോട്ടോ നൽകിയത് ട്രോളുകള്‍ക്ക് കാരണമാകുന്നു.
മലയാളത്തിന്റെ പ്രിയതാരമാണ് നടൻ ജയറാം. അപരൻ എന്ന സിനിമയിലൂടെ തുടങ്ങിയ വെള്ളിത്തിരയിലെ അദ്ദേഹത്തിന്റെ യാത്ര ഭാഷകളുടെ അതിർവരമ്പുകളും കടന്ന് മുന്നേറുകയാണ്. വർഷങ്ങൾക്ക് ശേഷം ഉർവശി- ജയറാം കോമ്പോയിലെ 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. കോമഡി ക്രൈം ത്രില്ലർ ജോണറിലുള്ളതാകും സിനിമയെന്നാണ് ട്രെയിലർ അടക്കമുള്ള പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. ചിത്രം ജൂൺ 5ന് തിയറ്ററുകളിൽ എത്തും.
റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് അപ്ഡേറ്റുകൾ ബുക്ക് മൈ ഷോയിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇവർക്ക് പറ്റിയൊരു അബദ്ധം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴിവച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ ആപ്പിൽ കാസ്റ്റിൽ സിനിമയുടെ എല്ലാ അഭിനേതാക്കളുടെ പേരുകളും ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ജയറാമിന്റെ പേരിന്റെ സ്ഥാനത്ത് കൊടുത്തിരിക്കുന്നത് മറ്റൊരാളുടെ ഫോട്ടോയാണ്. ഇതാണ് ട്രോളുകൾക്ക് കാരണമായത്.
'ഇങ്ങേരുടെ ഡെഡിക്കേഷൻ. ജയറാമേട്ടന്റെ ന്യൂ മേക്കോവർ കണ്ട് ഞെട്ടി', എന്ന പരിഹാസ ക്യാപ്ഷനോടെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ കമന്റുകളും നിറഞ്ഞു. 'ഇതൊക്കെ ആരാടെയ് പടച്ചുവിടുന്നത്? ജയറാം ക്ഷയിച്ച് പോയതാണോ?, ലെ ജയറാമേട്ടൻ: ചതിച്ചതാ.. അവരെന്നെ ചതിച്ചതാ', എന്നിങ്ങനെ പോകുന്നു ട്രോൾ കമന്റുകൾ. ഒപ്പം 'ഇതൊക്കെ ആഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കാനുള്ള മാന്യത കാണിക്കണം, ഇത്രയും പോപ്പുലറായ നടന്റെ ഫോട്ടോയാണ് മാറ്റിയിരിക്കുന്നത്', എന്നിങ്ങനെയുള്ള വിമർശന കമന്റുകളും വരുന്നുണ്ട്. അതിനൊപ്പം തന്നെ ഗൂഗിളിലെ ചെമ്മീനിന്റെ കാസ്റ്റ് കമന്റായി രേഖപ്പെടുത്തുന്നവരും ഉണ്ട്. സിനിമയിൽ ഇല്ലാത്ത താരങ്ങളും ഷീല കൗർ ഉൾപ്പടെയുള്ളവരുടെ ഫോട്ടോകളും ഇത് ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം.




