ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ അമ്മയ്ക്ക് കൂട്ടിരുന്ന 12കാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം തടവ്. പുന്നപ്ര സ്വദേശി അരുണിനെ ഹരിപ്പാട് പോക്സോ കോടതിയാണ് 70,000 രൂപ പിഴയടക്കം ശിക്ഷിച്ചത്.

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12കാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് തടവു ശിക്ഷ. പുന്നപ്ര പൊള്ളൈ വെളി വീട്ടിൽ അരുണിനെയാണ് (28) ഹരിപ്പാട് പോക്സോ കോടതി ഒമ്പത് വർഷം തടവിനും 70,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കേണ്ടി വരും. 2024 മേയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം. 

Add Asianetnews as a Preferred SourcegooglePreferred

വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിയോടെ പെൺകുട്ടി ബാത്റൂമിൽ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്. അമ്പലപ്പുഴ പൊലീസ് സബ് ഇൻസ്പെക്ടർ ഷാഹുൽ ഹമീദ് പി ബി രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ പ്രിൻസ്, എ എസ്ഐ ലത ഉമേഷ്, സിവിൽ പൊലീസ് ഓഫിസര്‍ അഞ്ജു രാജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. എ എസ്ഐമാരായ കെ സി സതീഷ്, വാണി പീതാംബരൻ, സി പി ഒ അനു ആന്റപ്പൻ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു കോടതിയിൽ ഹാജരായി.