കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ റിമാൻഡിലായ പ്രാദേശിക നേതാവ് മഹേഷ് പണിക്കരെ സി പി എം പുറത്താക്കി. സി പി എമ്മിന്‍റെ ചെറുവാഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മഹേഷ് പണിക്കർ. പാർട്ടിയുടെ യശസ്സിന് കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയതിനാണ് പുറത്താക്കുന്നതെന്ന് സി പി എം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പിൽ പറയുന്നു.

 പതിനേഴുകാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം മഹേഷ് പണിക്കര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വീട്ടില്‍ വച്ച് നടന്ന പൂജയുടെ മറവിലായിരുന്നു പെണ്‍കുട്ടിക്കെതിരായ അതിക്രമമെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരുടെ കയ്യേറ്റത്തിന് വിധേയനായ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.