പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടെ ലോറി തട്ടി തെറിച്ചു വീണ കർണാടക ബസ് ഡ്രൈവറെ രക്ഷിക്കാൻ പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് ഡിവൈഡറിലേക്ക് വെട്ടിച്ചു കയറ്റുകയായിരുന്നു. നിലമ്പൂർ ഡിപോയിലെ ഡ്രൈവറായ കാവന്നൂർ സ്വദേശി നസീഫാണ് രക്ഷകനായത്.
മലപ്പുറം: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടൽ കർണാടക ആർ ടി സി ബസ് ഡ്രൈവറുടെ ജീവൻ രക്ഷിച്ചു. മൈസൂരു ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ വെച്ചാണ് സംഭവം. പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടെ ലോറി തട്ടി തെറിച്ചു വീണ കർണാടക ബസ് ഡ്രൈവറെ രക്ഷിക്കാൻ പിന്നാലെ വന്ന സ്വിഫ്റ്റ് ബസ് ഡിവൈഡറിലേക്ക് വെട്ടിച്ചു കയറ്റുകയായിരുന്നു. നിലമ്പൂർ ഡിപോയിലെ ഡ്രൈവറായ കാവന്നൂർ സ്വദേശി നസീഫാണ് രക്ഷകനായത്.
വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നും നിലമ്പൂരിലേക്കുള്ള യാത്രയിലായിരുന്നു കെ എസ് ആര് ടി സി സ്വിഫ്റ്റ് ബസ്. ചന്നപട്ടണം കഴിഞ്ഞപ്പോളാണ് ഡ്രൈവർ നസീഫ് ആ കാഴ്ച കാണുന്നത്. ലോറി തട്ടി ഒരാൾ ബസിനു മുന്നിലേക്ക് തെറിച്ചു വീഴുന്നു. മറ്റൊന്നും ചിന്തിക്കാതെ ബസ് നേരെ ഡിവൈഡറിലേക്ക് വെട്ടിച്ചു കയറ്റി.
കർണാടക ആർ ടി സി ബസിന്‍റെ പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടെ എത്തിയ ലോറിയുടെ മുന്നിൽ നിന്നും ഓടി മാറാൻ ശ്രമിച്ചതാണ് ഡ്രൈവർ. ഇതിനിടയിലാണ് ലോറി തട്ടി സ്വിഫ്റ്റ് ബസിനു മുന്നിലേക്ക് തെറിച്ചു വീണത്.. കൈക്കും കാലിനും പരിക്കേറ്റ കർണാടക ബസ് ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കിയ ശേഷം സ്വിഫ്റ്റ് ബസ് തുടർ നടപടിക്കായി കർണാടക പൊലീസിന് കൈമാറി. പിന്നിൽ വന്ന സ്വകാര്യ ബസിന്റെ സി സി ടി വി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.

