കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് കാണാതായ അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി കെ രൂപശ്രീയെ ആണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍  ഇവരുമായി ഏറെ അടുപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകകനായ അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അധ്യാപികയെ കാണാതായ ദിവസം ഈ അധ്യാപകനും കൂടെ ഉണ്ടായിരുന്നു. കസ്റ്റഡിയിലുള്ള അധ്യാപകനടക്കം രൂപശ്രീയുമായി അടുപ്പം ഉള്ളവരെ എല്ലാം പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.  മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീയെ ഈ മാസം 16 തിയ്യതി മുതൽ സ്കൂളിൽ നിന്നും കാണാതായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരവെ ആണ് കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കടപ്പുറത്ത് നിന്നും മത്സ്യതൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സ്കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നും രണ്ട് കിലമീറ്റര്‍ അകലെ ദുര്‍ഗപള്ളത്തെ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയ ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നില്‍ ബെല്ലടിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുങ്ങിമരണമെന്നാണ് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ രൂപശ്രീയുടെ മരണം കൊലപാതകമെന്നാണ് ബന്ധുക്ക ആരോപിക്കുന്നത്. രൂപശ്രീയുടെ മൃതദേഹം സംസ്കരിച്ചു.