Asianet News MalayalamAsianet News Malayalam

പരിശോധന ഫലം ക്രോഡീകരിച്ചതിൽ പിഴവ്; രോഗമില്ലാത്ത ഉള്ളന്നൂർ സ്വദേശി കൊവിഡ് രോഗികൾക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന രാജു ചികിത്സ കേന്ദ്രത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചതോടെ രാത്രി തന്നെ ഇലവുതിട്ടയിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും ആശ വർക്കർ വിളിച്ച് പിഴവ് സംഭവിച്ചു പോയെന്നും കൊവിഡ് പോസിറ്റീവല്ലെന്നും രാജുവിനെ അറിയിക്കുകയായിരുന്നു

mix up of covid test results puts ullannoor native in difficult situation given false positive
Author
Pathanamthitta, First Published Jul 20, 2021, 10:23 AM IST

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ രോഗം ഇല്ലാത്തയാളെ കൊവിഡ് കെയർ സെന്‍ററില്‍ പ്രവേശിപ്പിച്ചതായി പരാതി. ഉള്ളന്നൂർ സ്വദേശി രാജുവിനെയാണ് കൊവിഡ് പോസീറ്റാവായെന്ന പേരിൽ രണ്ട് ദിവസം ചികിത്സിച്ചത്. സംഭവം ആർടിപിസിആർ ഫലം ക്രോഡീകരിച്ചതിലുണ്ടായ സാങ്കേതിക പിഴവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 

രോഗബാധിതരുടെ എണ്ണം കൂടിയ വട്ടമുകുടി മേഖലയിൽ ആരോഗ്യ വകുപ്പ് നടത്തിയ കൂട്ട പരിശോധനയിലാണ് രാജുവിന്റെയും സ്രവം ശേഖരിച്ചത്. 15ാം തിയതിയാണ് മെഴുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പരിശോധന നടന്നത്. 16 ന് വൈകീട്ട് ഫലം വന്നു. ഇതില്‍ രാജു കൊവിഡ് പോസീറ്റീവ് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന രാജു ചികിത്സ കേന്ദ്രത്തിലേക്ക് മാറാനുള്ള ആഗ്രഹം അറിയിച്ചതോടെ രാത്രി തന്നെ ഇലവുതിട്ടയിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും ആശ വർക്കർ വിളിച്ച് പിഴവ് സംഭവിച്ചു പോയെന്നും കൊവിഡ് പോസിറ്റീവല്ലെന്നും രാജുവിനെ അറിയിക്കുകയായിരുന്നു. തിരിച്ചു വീട്ടിലേക്ക് പോകാൻ നിർദ്ദേശം നൽകി. രണ്ട് ദിവസം കൊവിഡ് ബാധിതർക്കൊപ്പം കഴിഞ്ഞതിനാൽ വീട്ടിൽ ക്വാറന്റീനില്‍ കഴിയുകയാണ്  രാജു ഇപ്പോൾ. 

സമാനമായ മറ്റൊരു സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. 15 ന് പരിശോധന നടത്തിയ മെഴുവേലി സ്വദേശി വി കെ തമ്പിയുടെ പരിശോധന ഫലവും ആദ്യം പോസിറ്റീവെന്നും പിന്നെ നെഗറ്റീവെന്നും അറിയിച്ചു. ഒന്നിലധികം പരാതികൾ ഉയർന്നതോടെ പ്രതിഷേധം ശക്തമാവുകയാണ്. നിരീക്ഷണത്തിൽ കഴിയുന്ന രാജുവിന് ഏഴ് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios