Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ ലോബിയില്‍ കലാപം: ഗോവിന്ദനെതിരെ ജെയിംസ് മാത്യു, ജയരാജന് വീണ്ടും വിമര്‍ശനം

പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജിലൂടെ ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നുവെന്ന് കോടിയേരി സംസ്ഥാന സമിതിയില്‍. ആന്തൂര്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഇടപെട്ടത് എന്തിനെന്ന് ജെയിംസ് മാത്യു എംഎല്‍എ. 

mla against mv govindan p jayarajan criticised by kodiyeri in cpm state committee
Author
എകെജി സെന്റർ, First Published Jun 26, 2019, 6:21 PM IST

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയെ ചൊല്ലി സിപിഎം സംസ്ഥാന സമിതിയില്‍ നേതാക്കന്‍മാരുടെ തുറന്ന വിമര്‍ശനം. ആന്തൂര്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സമിതിയില്‍ ജെയിംസ് മാത്യു എംഎല്‍എ ഉന്നയിച്ചു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തതിന് നേരത്തെ വിമര്‍ശിക്കപ്പെട്ട പി.ജയരാജന്‍ ഇപ്പോഴും ഇതേ രീതി തുടരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തി.  

ആന്തൂര്‍ വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ ഗുരുതര ആരോപണം ജെയിംസ് മാത്യു ഉന്നയിച്ചത്. വ്യവസായിക്ക് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ സ്ഥലം എംഎല്‍എയായ താന്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നുവെന്ന് ജെയിംസ് മാത്യു പറഞ്ഞു.

അന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെടി ജലീലിനെ വിളിച്ച് ഇതേക്കുറിച്ച് താന്‍ പരാതി നല്‍കി. എന്നാല്‍ ഇതിനു തൊട്ടു പിന്നാലെ നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കെടി ജലീലിന്‍റെ പി.എയെ വിളിച്ച് സംസാരിച്ചു. ഇത് എന്തിനായിരുന്നുവെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതി യോഗത്തില്‍ ചോദിച്ചു.

സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിച്ച സംഭവത്തില്‍ പികെ ശ്യാമള പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍, ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം എംവി ഗോവിന്ദന്‍ മാസ്റ്ററും ഇടപെട്ടു എന്ന ഗുരുതര ആരോപണമാണ് ജെയിംസ് മാത്യു ഉന്നയിച്ചത്. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനോട് പ്രതികരിച്ചില്ല. 

സിപിഎമ്മിന് അതീതനായി പി ജയരാജന്‍ പ്രവര്‍ത്തിക്കുന്നു എന്ന് നേരത്തെ കുറ്റപ്പെടുത്തുകയും ഇക്കാര്യം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത പാര്‍ട്ടി ഈ നിലപാട് ഇന്നും ആവര്‍ത്തിച്ചു. പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജ് വഴിയുള്ള പ്രചാരണത്തിലൂടെ പി.ജയരാജന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അതീതനായുള്ള പ്രവര്‍ത്തനം തുടരുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തി.

കണ്ണൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പികെ ശ്യാമളയെ വേദിയിലിരുത്തി പി.ജയരാജന്‍ വിമര്‍ശിച്ചതിനേയും കോടിയേരി വിമര്‍ശിച്ചു. അഭിപ്രായങ്ങളും വിയോജിപ്പുകളും പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും കോടിയേരി ഓര്‍മപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios