തിരുവനന്തപുരം: മകന്‍റെ വിവാഹത്തിനായി കരുതി വെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും കുടുംബവും. എംഎല്‍എയുടെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അംഗവുമായ എന്‍ സുകന്യയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഓഗസ്റ്റ് 24 നു നടക്കുന്ന മകന്‍റെ വിവാഹത്തിന് നീക്കി വെച്ച തുകയില്‍ നിന്ന് അഞ്ചുലക്ഷം രൂപയാണ് എംഎല്‍എയും കുടുംബവും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നല്‍കിയത്. ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. കഴിഞ്ഞ പ്രളയകാലത്ത് മകളുടെ വിവാഹത്തിനായി നീക്കി വച്ചതില്‍ നിന്ന് അ‍ഞ്ചുലക്ഷം രൂപ എംഎല്‍എ ജയിംസ് മാത്യു ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.