പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് ദേവസ്വം ബോർഡിന്റെ നടപടി.  

അടുത്തിടെ ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങൾ വരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പതിനെട്ടാം പടിക്ക് മുകളിൽ  മൈാബൈൽ ഫോൺ ഉപയോഗം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കർശനമായി നടപ്പാക്കിയിരുന്നില്ല. ഇനി മുതൽ തിരുമുറ്റത്ത് ഫോൺ വിളിക്കാൻ പോലും മൊബൈൽ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തിൽ താക്കീത് നൽകി ദൃശ്യങ്ങൾ മായ്ച്ചശേഷം ഫോൺ തിരികെ നൽകും .വരും ദിവസങ്ങളിൽ ഫോൺ വാങ്ങി വയ്ക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.  

അയ്യപ്പന്മാർ നടപ്പന്തലിലേക്ക് കടക്കുമ്പോൾ മുതൽ ഫോൺ ഓഫ് ചെയ്ത് ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കണം .മണ്ഡലകാലത്ത് ദിനം പ്രതി അറുപതിനായിരത്തിലധികം അയ്യപ്പന്മാർ എത്തുന്നതിനാൽ ഇവരുടെയെല്ലാം ഫോൺ വാങ്ങി സൂക്ഷിക്കുന്നത് പ്രായോഗികമല്ല .ഇതു കൂടാതെ ശബരിമലയ്ക്കും ദേവസ്വo ബോർഡിനും എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കുപ്രചരണം നടത്തുന്നവർക്കെതിരെ ദേവസ്വം ബോർഡ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട് .അരവണയിൽ ചത്ത പല്ലിയെ കണ്ടുവെന്നായിരുന്നു പ്രചരണം. ഇത്തരക്കാർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.