കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന വർഗീയവാദിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെയും വിമർശിച്ച സംഘടന, വിസി മാപ്പ് പറയണമെന്നും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. മോഹനൻ കുന്നുമ്മൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മീറ്റിംഗുകളെക്കാൾ കൂടുതൽ പങ്കെടുത്തത് സംഘപരിവാർ വേദികളിലാണെന്നും ആർഎസ്എസിന്റെ തിട്ടൂരം പാലിക്കാൻ തയ്യാറല്ലെന്നും സഞ്ജീവ് പറഞ്ഞു. ഉന്ന വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെയും എസ്എഫ്ഐ രം​ഗത്തെത്തി. മോഹനന്‍ കുന്നുമ്മലിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോജി എം ജോണിന് പേടിയാണെന്നും മോഹനൻ കുന്നുമ്മലിനെ വിമർശിക്കാൻ തയ്യാറാകുന്നില്ലെന്നും സഞ്ജീവ് പറഞ്ഞു. പ്രതിഷേധം നടത്തിയ 79 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുറെ കാലമായി സർവകലാശാലക്ക് സ്ഥിര വിസി വേണമെന്ന് ആവശ്യപ്പെടുന്നു. സംഘപരിവാറിന് കീഴ്പ്പെട്ടാണ് യുഡിഫ് പ്രവർത്തിക്കുന്നത്. അമ്മയെ അറിയാത്തവർ എന്ന പ്രസ്താവന അൽപത്തരമാണെന്നും സമരം സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വിസി സർവകലാശാലയിലേക്ക് എത്തണം. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം. പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.