തിരുവനന്തപുരം: വിദേശസന്ദര്‍ശനം തുടരുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും വഴിച്ചെലവിന് തുക അനുവദിച്ച് സർക്കാർ. യാത്രക്കിടയിലെ ചെലവുകള്‍ക്കായി 10 ലക്ഷം രൂപയാണ് അനുവദിച്ചത്. സംഘാംഗത്തിന്‍റെ കൈവശമുള്ള കാര്‍ഡിലേക്ക് , ജാപ്പനീസ്, കൊറിയന്‍ കറന്‍സിക്ക് തുല്ല്യമായ തുകയായിട്ടാണ് പണം നിക്ഷേപിച്ചത്. ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും ശനിയാഴ്ചയാണ് പുറപ്പെട്ടത്. 13 അംഗ സംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയപ്പോള്‍, 11 ദിവസത്തെ യാത്രക്കിടയിലെ അത്യാവശ്യചെലവുകള്‍ക്കായി പണം കരുതണമെന്ന് നിര്‍ദ്ദശിച്ചിരുന്നു. എന്നാല്‍ സംഘം യാത്ര പുറപ്പെട്ടപ്പോഴും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല.

സംസ്ഥാനത്തേക്ക് നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള സംഘത്തിന്‍റെ പര്യടനത്തിനാവശ്യമായ പണം അനുവദിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ജോയിന്‍റെ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ സംഘാംഗമായ ശുചിത്വമിഷന്‍ ഡയറക്ടര്‍ മിര്‍ മുഹമ്മദ് ഐഎഎസിന്‍റെ എച്ച്ഡിഎഫ്‍സി ബാങ്ക് അക്കൗണ്ടിലേക്കാണ് 10 ലക്ഷം രൂപ കൈമാറിയത്. ഇതില്‍ ഏഴ് ലക്ഷം രൂപ ജാപ്പനീസ് കറന്‍സിയായും, മൂന്ന് ലക്ഷം രൂപ കൊറിയന്‍ കറന്‍സിയായിട്ടുമാണ് കൈമാറിയത്.

ഡിസംബര്‍ 4 വരെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റേയും വിദേശ പര്യടനം. മടങ്ങിയെത്തി ഒരാഴ്ചയ്‍ക്കകം ചെലവ് സംബന്ധിച്ച കണക്ക് കൈമാറണമെന്ന് മിര്‍ മുഹമ്മദിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും സംഘവും വിദേശ പര്യടനം നടത്തുന്നതിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. യാത്രിക്കിടിയിലെ ചെലവിനായി പൊതുഭരണ വകുപ്പ് വീണ്ടും ലക്ഷങ്ങള്‍ അനുവദിച്ചതും വിമര്‍ശകര്‍ വരും ദിവസങ്ങളില്‍ ആയുധമാക്കുമെന്നുറപ്പാണ്.