മോൻസൻ കേസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി.സ്പർജൻ കുമാർ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

കൊച്ചി: മോൻസൺ മാവുങ്കൽ (monson mavungal) തട്ടിപ്പ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകി. ക്രൈം ബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പൊലീസ് എന്നിവയിൽ നിന്നുളള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെ (sparjan kumar ips) നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. 

പുതിയ അന്വേഷണസംഘത്തിൻ്റെ ആദ്യയോഗം തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഐജി സ്പർജൻ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്നു. മോൻസൻ കേസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് ഐ.ജി.സ്പർജൻ കുമാർ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മോൻസനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഐജി മറുപടി നൽകിയില്ല. ഐജിയുടെ നേതൃത്വത്തിൽ മോൻസനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. 

ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. മുനമ്പം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എല്‍.യേശുദാസ്, കൊച്ചിസിറ്റി സൈബര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരുണ്‍.കെ.എസ്, പളളുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സില്‍വെസ്റ്റര്‍.കെ.എക്സ്, എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എസ്.ഫൈസല്‍, പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ എസ്.ഐ സനീഷ്.എസ്.ആര്‍, മുളവുകാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ വര്‍ഗീസ്, കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ റെജി.ടി.കെ, ഫോര്‍ട്ട്കൊച്ചി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്‍, കൊച്ചി സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിഹാബ്, കൊച്ചി സിറ്റി ഡി.എച്ച്.ക്യുവിലെ സിവില്‍ പോലീസ് ഓഫീസര്‍ മാത്യു എന്നിവരെയാണ് പുതുതായി അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയത്.