"പറ്റിക്കയായിരുന്നു ഞങ്ങളെ. പറ്റിക്കയല്ല. പുതപ്പിച്ച് കിടത്തുകയായിരുന്നു...''വർഷങ്ങൾക്കിപ്പുറവും തോരാതെ മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കണ്ണീർ.
തുതിയൂർ: മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിച്ച 113 കുടുംബങ്ങള്‍ക്ക് കാക്കനാട്ടെ ആദര്‍ശ നഗറില്‍ നല്‍കിയ ഭൂമിയില്‍ വീട് വെച്ചത് ഒരാള്‍ മാത്രം. വാസ്യയോഗ്യമായ ഭൂമി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കൊണ്ട്, ഇവര്‍ക്ക് അനുവദിച്ചത് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത, വെളളക്കെട്ടും ചതുപ്പും നിറഞ്ഞ ഭൂമിയാണ്. സര്‍ക്കാരിന്‍റെ വഞ്ചനയുടെ പ്രതീകങ്ങളായി 12 വര്‍ഷമായി വാടക വീടുകളില്‍ അന്തിയുറങ്ങുകയാണ് മിക്ക കുടുംബങ്ങളും.
"
ദുരിതം പേറി നിരവധി പേർ...
80 വയസുകാരിയായ ശ്രീദേവി അമ്മ ദുരിതം അനുഭവിക്കുന്നവരുടെ പ്രതീകമാണ്. കൂലിപ്പണിക്കാരനായിരുന്ന ശ്രീദേവി അമ്മയുടെ ഭര്‍ത്താവിന്‍റെ ഏക സമ്പാദ്യമായിരുന്നു മഞ്ഞുമ്മലില്‍ ഈ സ്ഥലത്തുണ്ടായിരുന്ന വീടും പുരയിടവും. വല്ലാര്‍പ്പാടം പദ്ധതിക്കായി സര്‍ക്കാര്‍ ഇതേറ്റെടുത്തു. പക്ഷെ സെന്‍റിന് നൽകിയത് വെറും എഴുപതിനായിരം രൂപ മാത്രം ആണ്. എന്നാൽ തുതിയൂരിൽ ശ്രീദേവി അമ്മയ്ക്കായി സർക്കാർ ഭൂമി നൽകി. പക്ഷെ ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ ഭൂമിയിൽ വീട് വയക്കാൻ പോയിട്ട് കാൽ വയ്ക്കാൻ പോലും ശ്രീദേവി അമ്മയ്ക്ക് കഴിയുമായിരുന്നില്ല.
'പറ്റിക്കയായിരുന്നു ഞങ്ങളെ. പറ്റിക്കയല്ല. പുതപ്പിച്ച് കിടത്തുകയായിരുന്നു അവർ'. സർക്കാരിനെതിരെ ശ്രീദേവിയമ്മ പറയുന്നു.
കൊല്ലം 11 കഴിഞ്ഞിട്ടും സ്വന്തമായി വീടില്ലാതെ മകളുടെ വീട്ടിൽ അന്തിയുറങ്ങുകയാണ് ഈ എൺപതുകാരി.

ശ്രീദേവി അമ്മക്കൊപ്പം തുതിയൂരിൽ ഭൂമി ലഭിച്ച 112 പേരുടെ സ്ഥിതിയും ദുരിതപൂർണമാണ്. 113 പേരില്‍ വീടുവച്ചത് എളമക്കര സ്വദേശി വിദ്യാധരന്‍റെ കുടുംബം മാത്രം ആണ്. എന്നാൽ അടിസ്ഥാന സൗകര്യം ഇല്ലാതിരുന്ന ഈ ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഏറെ ദുരിതം സഹിക്കേണ്ടി വന്നു വിദ്യാദരന്റെ കുടുംബത്തിന്. പക്ഷെ നിറയെ ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ ഭൂമിയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെന്നായിരുന്നു മുന്‍ ജില്ലാ കലക്ടർ ആര്‍ രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
തുതിയൂരില്‍ വീട് വെയ്ക്കാന്‍ എത്തിയവരിൽ ഭൂരിഭാഗവും സമീപപ്രദേശങ്ങളില്‍ വാടകക്ക് താമസിക്കുകയാണ്. എന്നെങ്കിലുമൊരിക്കല്‍ സര്‍ക്കാര്‍ പകരം ഭൂമി നല്‍കുമെന്ന പ്രതീക്ഷയിൽ വർഷങ്ങൾ പോകുന്നതും നോക്കി കാത്തിരിക്കാൻ മാത്രമാണ് ഇവർക്ക് കഴിയുക.
