കൊല്ലം: കൊല്ലം കാവനാട്ട് ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം. കാറിലെത്തിയ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. 

കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര സ്വദേശികളായ സുനി, കണ്ണന്‍, കാവനാട് സ്വദേശി വിജയലാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക്  മടങ്ങുകയായിരുന്നു ദമ്പതികള്‍. വഴിമധ്യേ കാര്‍ കേടായി. നിർത്തിയിട്ടിരുന്ന കാറിന് സമീപമെത്തിയവർ മുളവന സ്വദേശികളായ യുവ ദമ്പതികളെ  സദാചാരപോലീസ് ചമഞ്ഞ് വളയുകയും ആക്രമിക്കുകയും ചെയ്തു.യുവതിയുടെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ഭർത്താവിനെ സംഘം ആക്രമിച്ചു.യുവതിയേയും സംഘം കടന്നു പിടിച്ചു.

കാറിലുണ്ടായിരുന്ന ഇടുപ്പിനു താഴെ തളർന്ന യുവാവിനേയും സദാചാര ഗുണ്ടകൾ മർദ്ദിച്ചു. സംഭവം കണ്ടു കൊണ്ടു വന്ന ഓട്ടോ തൊഴിലാളിയാണ് ശക്തികുളങ്ങര പൊലീസിനെ വിവരം അറിയിച്ചത്. കൂടുതൽ പോലീസെത്തി സദാചാര ഗുണ്ടകളെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.അക്രമി സംഘത്തിൽ 5 പേരുണ്ടെന്നാണ് ദമ്പതികളുടെ മൊഴി.എന്നാൽ മൂന്നു പേർ മാത്രമാണെന്ന് പിടിയിലായവർ പറഞ്ഞു.

"