തിരുവനന്തപുരം: സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാര ഗുണ്ടായിസം കാണിച്ച എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പ്രസ് ക്ലബ് ജനറൽ ബോഡിയുടേതാണ് തീരുമാനം. എം രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരുടെയും പ്രസ് ക്ലബ്ബിന്റെയും അന്തസ് തകർക്കുന്ന രീതിയിൽ ക്രിമിനൽ കുറ്റകൃത്യം നടത്തുകയും തുടർന്നും പരാതിക്കാരിയെയും മറ്റു സ്ത്രീകളെയും തുടർച്ചയായി അപമാനിക്കുകയും ചെയ്തുവെന്ന് പ്രസ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

മെയിൽവഴി രാധാകൃഷ്ണൻ അയച്ച കുറിപ്പ് വിശദീകരണമായി കണക്കാക്കണമെന്ന രാധാകൃഷ്ണന്റെ ആവശ്യംഅനുസരിച്ചു ഇയാളുടെ മെയിൽ പരിശോധിച്ചു. വിശദീകരണം പരാതിക്കാരിക്ക് എതിരെ നടത്തിയ കറ്റകൃത്യത്തോളം ഗുരുതരമാണെന്ന് ബോധ്യപ്പെട്ടു . ഇത് രണ്ടും പരിഗണിച്ച് രാധാകൃഷ്ണനെ പ്രസ് ക്ലബ്ബിന്റെപ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചു. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി നേരത്തെ വച്ച അന്വേഷണ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണം ഉയർന്നസാഹചര്യത്തിൽ മാനേജിങ് കമ്മിറ്റി വച്ച അന്വേഷണ സമിതിയെ റദ്ദാക്കി പുതിയ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

ശ്രീദേവി പിള്ള (മനോരമ ന്യൂസ്)- ചെയർപേഴ്സൺ, ഷുജി (പ്രഭാത വാർത്ത), അനുപമ ജി. നായർ (കൈരളി ടിവി), ജിഷ (ടൈംസ് ഓഫ് ഇന്ത്യ), സതീഷ്ബാബു (കൈരളി ടിവി)  എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.  ഈ കമ്മിറ്റിയോട് രണ്ടാഴ്ചക്കകം റിപ്പോർട്ട് മാനേജിങ് കമ്മിറ്റിക്ക് കൈമാറാനും ആവശ്യപ്പെട്ടു.  കമ്മിറ്റിയുടെ ടേംസ് ഓഫ് റെഫെറൻസ് ഉടൻ കൈമാറാൻ മാനേജിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.  പ്രസിഡന്റ്  സോണിച്ചൻ പി. ജോസഫ്, വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറം, സെക്രട്ടറി എം. രാധാകൃഷ്ണൻ, ട്രഷറർ എസ്. ശ്രീകേഷ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി. എം. ബിജുകുമാർ, രാജേഷ് കുമാർ ആർ, ഹണി എച്, ലക്ഷ്മിമോഹൻ, വെൽഫയർ കമ്മിറ്റി അംഗം അജി കുമാർ, എന്നിവരുടെ രാജിയും ജനറല്‍ ബോഡി അംഗീകരിച്ചു. 

ക്ലബ്ബ് സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നപ്പോൾ പ്രസ് ക്ലബ്ബിന്റെയും അംഗങ്ങളുടെയും അന്തസ് കെടുത്തുന്നതരത്തിൽ അപമാനകരമായ നടപടി സ്വീകരിക്കുകയും ഇരയായ പെൺകുട്ടിക്കെതിരെ നിലപാട് എടുക്കുകയുംസ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിയായ രാധാകൃഷ്ണനെ സംരക്ഷിക്കുകയും പ്രസ് ക്ലബ്ബിനെ ഒളിസങ്കേതം ആക്കാൻ അനുവദിക്കുകയും ചെയ്ത അംഗങ്ങളുടെ നടപടി അന്വേഷിച്ച് ഉചിതമായ നടപടിസ്വീകരിക്കുവാനും തീരുമാനിച്ചു. ജനാധിപത്യ രീതിയിൽ പ്രസ് ക്ലബ്ബ് അംഗങ്ങൾ തിരഞ്ഞെടുത്തഈ ഭാരവാഹികൾ, ഉത്തരവാദിത്തപ്പെട്ട തങ്ങളുടെ സ്ഥാനങ്ങൾ രാജി വക്കുകയും അതിലൂടെ പ്രസ്ക്ലബ്ബിന്റെ സുഖമമായ ഭരണത്തെ അതീവ പ്രതിസന്ധിയിൽ എത്തിക്കുകയുമാണ് ചെയ്തതെന്ന് ജനറൽബോഡി ഒറ്റക്കെട്ടായി വിലയിരുത്തി. 

അതീവ ഗുരുതരമായ വീഴ്ച വരുത്തിയ സോണിച്ചൻ പി. ജോസഫ്, ഹാരിസ് കുറ്റിപ്പുറം,  എസ്. ശ്രീകേഷ്,പി. എം. ബിജുകുമാർ, രാജേഷ് കുമാർ ആർ, ഹണി എച്, ലക്ഷ്മി മോഹൻ, അജി കുമാർ എന്നിവരെ 6 മാസത്തേക്ക് അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനും തീരുമാനിച്ചു. ഇവർക്കെതിരെയുള്ള അന്വേഷണം മേൽസമിതി നടത്തും നിലവിലുള്ള മൂന്നംഗ സമിതിയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്കായിരിക്കും ഭരണച്ചുമതല. സെക്രട്ടറിയായി സാബ്‌ളൂ തോമസിനെയും ട്രഷററായി വി. എസ്. അനുവിനെയും ജനറൽബോഡി തീരുമാനിച്ചു. 

പരാതിക്കാരിയായ അംഗം ഉൾപ്പെടെയുള്ള സ്ത്രീകൾക്കെതിരെ അത്യന്തം അപമാനകരമായിആക്ഷേപം പരസ്യമായി ഉന്നയിച്ച പി. ആർ. പ്രവീണിനെ ആറു മാസത്തേക്ക് അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും പ്രവീണിനെതിരെയുള്ള പരാതി മേൽസമിതി അന്വേഷിക്കാനും തീരുമാനിച്ചു.  പ്രസ് ക്ലബിന്‍റെ മിനിട്ട്സും താക്കോലും അടക്കം നഷ്ടപ്പെട്ട രേഖകളും വസ്തുവകകൾ കണ്ടെത്തുന്നതിന്ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാൻ ജനറല്‍ ബോഡി യോഗം മാനേജിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.  

ക്ലബ്ബ് കമ്മിറ്റി ഭാരവാഹികളുടെ അപമാനകരമായ നടപടിയിൽ പ്രതിഷേധിച്ച്ഹോണററി അംഗത്വം രാജി വെച്ച മുതിർന്ന മാധ്യമപ്രവർത്തകൻ  ബി. ആർ. പി. ഭാസ്കറിനെക്ലബ്ബ് തെറ്റ് തിരുത്തിയതായി അറിയിക്കും. ഭാരവാഹികൾ നേരിട്ട് അദ്ദേഹത്തെക്കണ്ട് അംഗത്വത്തിലേക്ക്മടങ്ങിവരണമെന്ന് അഭ്യർത്ഥിക്കും. ഇക്കാര്യം മാനേജിങ് കമ്മിറ്റി അംഗങ്ങൾ നേരിട്ട് കണ്ട്ആവശ്യപ്പെടാനും ജനറല്‍ ബോഡിയില്‍ തീരുമാനമായി.