കോട്ടയം: കോട്ടയത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോട്ടയം മാർക്കറ്റിൽ അതീവ ശ്രദ്ധ നൽകും. തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട അക്ക വാഹന നമ്പർ ക്രമീകരണം അനുസരിച്ച് വേണം വാഹനങ്ങൾ നിരത്തിലിറങ്ങാൻ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോട്ടയത്ത് ഹോട്ട് സ്പോട്ടുകൾ കൂടുമെന്നും വ്യാജ വാർത്തൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍(50), സംക്രാന്തി സ്വദേശിനി(55), കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വേദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ് (60) എന്നിവർക്കാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. പാലാ സ്വദേശിനി കോട്ടയം മാര്‍ക്കറ്റിലെ ലോഡിംഗ് തൊഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവരിലാണ് നേരത്തെ  വൈറസ് ബാധ കണ്ടെത്തിയിരുന്നത്. 

അതേസമയം, ജില്ലയിലെ തീവ്രബാധിത പ്രദേശങ്ങളുടെ എണ്ണം കൂട്ടാൻ ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. ഇതോടെ, മണർകാട് പഞ്ചായത്ത്, സംക്രാന്ത്രി ഉൾപ്പെടുന്ന മുനിസിപ്പൽ വാർഡ് എന്നിവയും ഹോട്ട്സ്പോട്ടാകും.