രഞ്ജിത്തിനെതിരെയുള്ള ലൈം​ഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫോർട്ട്‌ കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെയാണ് കുറ്റകൃത്യം നടന്നത്. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

എറണാകുളം:സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈം​ഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനുവരി 9ന് ഫോർട്ട്‌ കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവനടി നൽകിയ പരാതിയിൽ പറയുന്നത്. 

ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കാരവാനിൽ കയറിയപ്പോഴാണ് നടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നും മാനസിക ആഘാതം കാരണം കൗൺസിലിംഗിന് വിധേയയാകേണ്ടി വന്നെന്നും യുവതി പറയുന്നു. ഒടുവിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസം മുൻപ് എറണാകുളം നോർത്ത് വനിത സ്റ്റേഷനിൽ എത്തി മൊഴി നൽകുകയായിരുന്നു.

തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. രഞ്ജിത്ത് മുങ്ങിയേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉണ്ടായത്. ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming