Asianet News MalayalamAsianet News Malayalam

കോൺസുൽ ജനറൽ പങ്കാളിയായ ഇടപാടിൽ മറിഞ്ഞത് കോടികൾ; സ്വപ്നയുടെ ലോക്കറിലെ പണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ

യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ റിയൽ എസ്റ്റേറ്റ് പങ്കുവച്ചത് കോടികളാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി. 

more information about swapna suresh bank locker
Author
Thiruvananthapuram, First Published Jul 31, 2020, 9:52 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് പണവും സ്വർണവും കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎഇ കോൺസുൽ ജനറൽ കൂടി പങ്കാളിയായ റിയൽ എസ്റ്റേറ്റ് പങ്കുവച്ചത് കോടികളാണ്. ഇതിൽ കിട്ടിയ പണമാണ് ലോക്കറിൽ വച്ചതെന്നാണ് സ്വപ്നയുടെ മൊഴി. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിൻ്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്.

സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വൻകിട റിയൽ എസ്റ്റേറ്റ് - ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായെന്ന് തെളിയിക്കുന്ന രേഖകൾ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് സമ്മതിച്ചുകൊണ്ട് സ്വപ്ന മൊഴിയും നൽകിയിട്ടുണ്ട്. സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്ന പറയുന്നത്.  തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഏതാണ്ട് 1.05 കോടി രൂപയും ഏകദേശം 123 പവൻ, അതായത് ഒരു കിലോയോളം സ്വർണാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വ‌ർണം വിവാഹസമ്മാനം ലഭിച്ചതാണെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോൾ അഞ്ച് കിലോ സ്വർണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാലിത് കസ്റ്റംസ് പൂർണമായും വിശ്വസിക്കുന്നില്ല. 

അതേസമയം, ബാങ്ക് ലോക്കർ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകി. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്.  

Follow Us:
Download App:
  • android
  • ios