Asianet News MalayalamAsianet News Malayalam

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; അട്ടിമറിയില്ലെന്ന് ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപ്പിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു

more revelation of Fire burning in secretariate
Author
Trivandrum, First Published Sep 17, 2020, 6:19 AM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപ്പിടിത്തമെന്നാണ് ഡോക്ടര്‍ എ കൗശിഗന്‍ അധ്യക്ഷനായ സമിതിയുടെയും നിഗമനം. പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപ്പിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത്. തീപ്പിടുത്തത്തിന് കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായിരുന്ന ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഡോ.എ കൗശിഗന്‍റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘവും. 

നേരത്തെ ഇലക്ട്രിക്കല്‍ ഇന്‍സ്‍പെക്ടറേറ്റ് വിഭാഗവും,ഫയര്‍ ഫോഴ്സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. തീപ്പിടുത്തത്തില്‍ 25 ഫയലുകള്‍ക്ക് മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ഈ ഫയലുകള്‍ പൂര്‍ണമായും നശിച്ചിട്ടില്ലെന്ന കണ്ടെത്തലിലേക്കാണ് സമിതി എത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്. 

ഗസറ്റ് വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും അതിഥി മന്ദിരങ്ങളില്‍ മുറി വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകളുമാണ് കത്തിയതെന്നാണ് കണ്ടെത്തല്‍. ഭാവിയില്‍ സെക്രട്ടേറിയറ്റില്‍ തീപ്പിടുത്തം ഒഴിവാക്കാനുളള ശുപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്. തീപ്പിടുത്തമുണ്ടായ വകുപ്പിലെയടക്കം സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതും നേരത്തെ വിവാദമായിരുന്നു. 

Follow Us:
Download App:
  • android
  • ios