തിരുവനന്തപുരം: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിനെ തുടർന്ന് പൂജപ്പുരയിലെ ആശുപത്രിയിൽ പ്രതിഷേധം. കോയമ്പത്തൂർ സ്വദേശി വിശാലാക്ഷിയും കുഞ്ഞുമാണ് മരിച്ചത്.

പൂജപ്പുര നൃത്താലയം സർക്കാർ മാതൃ-ശിശുക്ഷേമ ആശുപത്രിക്കെതിരെയാണ് പരാതി. വൈകിട്ട് അഞ്ച് മണിയോടെയാണ് വിശാലാക്ഷിയും കുട്ടിയും മരിക്കുന്നത്. പ്രസവത്തിനിടെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് എസ് എ ടി ആശുപത്രിലേക്ക് മാറ്റുന്നതിനിടെയായിരുന്നു മരണം. കൃത്യമായ ചികിത്സ ഉറപ്പാക്കാതെ ആശുപത്രി അധികൃതർ അലംഭാവം കാട്ടിയെന്നാണ് ബന്ധുക്കളുടെ പരാതി.

ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പൂജപ്പുര പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. പ്രസവത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. കോയമ്പത്തൂർ സ്വദേശിയായ വിശാലാക്ഷി വിവാഹത്തെ തുടർന്ന് നീറമൺകരയിൽ താമസിക്കുകയായിരുന്നു. സെയിൽസ് ഗേളായിരുന്ന വിശാലാക്ഷിക്ക് 10 വയസുളള ഒരു മകളുണ്ട്.