കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നതിന് ഇടയില്‍ വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെ വ്യത്യസ്ത പ്രതിഷേധവുമായി വീട്ടമ്മ. കൊച്ചി കണ്ടെയ്നര്‍ റോഡിലാണ്  ശാന്തി എന്ന വീട്ടമ്മയും മൂന്ന് മക്കളും കുടില്‍ കെട്ടി സമരം ചെയ്തത്. മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് വാരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടി വന്നത്.

ഇതോടെയാണ് മക്കളുടെ ചികിത്സയ്ക്കും കടം വീട്ടാനുമായി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി സമരം ചെയ്തത്. വലിയ സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയായിരുന്നു ഈ സമരരീതി. മൂത്ത മകന് തലയിലും, രണ്ടാമത്തെ മകന് വയറിലും മകള്‍ക്ക് കണ്ണിനുമാണ് ശസത്രക്രിയ വേണ്ടി വന്നത്. ഹൃദയം അടക്കമുള്ള അവയവങ്ങളാണ് ഇവര്‍ വില്‌‍പനയ്ക്ക് വച്ചത്. റോഡില്‍ സമരം ചെയ്ത ഇവരെയും കുട്ടികളേയും പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും  എത്തി മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കുട്ടികളുടെ ചികിത്സയ്ക്കും ഇവര്‍ക്ക് സുരക്ഷിതമായ ഒരു ഇടം ഒരുക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ മുതലാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍പനയ്ക്ക് എന്ന ബോര്‍ഡുമായി കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് വീട്ടമ്മ നില്‍ക്കാന്‍ തുടങ്ങിയത്.  ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പാണെന്നും കട ബാധ്യതയും മക്കളുടെ ചികിത്സയ്ക്കും മറ്റ് മാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നതാണ് യുവതിക്ക് സമീപമുള്ള ബോര്‍ഡ്. ബന്ധപ്പെടേണ്ട നമ്പറും ഈ ബോര്‍ഡില്‍ വിശദമാക്കുന്ന ബോര്‍ഡുമായാണ് വീട്ടമ്മ സമരം ചെയ്തത്. വാടക നൽകാൻ കഴിയാത്തതിനെ തുടർന്ന് വാടക വീട് കൂടി ഒഴിയേണ്ടി വന്നതോടെ ഇവര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതെ വരികയായിരുന്നു.