തിരുവനന്തപുരം: എറണാകളും ചെങ്ങമനാട് ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ ലൈസൻസിനെതിരെ നടപടിക്ക് ശുപാർശ ചെയ്തതായി മോട്ടോർ വാഹന വകുപ്പ്. മനുഷ്യൻ എന്ന പദത്തിന്റെ അർത്ഥം തന്നെ ചോദ്യ ചിഹ്നമാക്കുന്ന ചില മനുഷ്യർ എന്ന തലകേട്ടോടുകൂടി ഫേസ്‌ബുക്കിൽ മോട്ടോർ വാഹന വകുപ്പിന്റെ പേജിൽ ഇട്ട പോസ്റ്റിലൂടെയാണ് കാർ ഡ്രൈവറുടെ ലൈസൻസിന്നെതിരെ നടപടിക്ക് ശുപാർശ ചെയ്ത കാര്യം മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്.

ടാർ റോഡിലൂടെ സ്വന്തം കാറിൽ ജീവനുള്ള നായയെ കെട്ടിവലിച്ച സംഭവത്തെക്കുറിച്ച് മറ്റെന്ത് വിശേഷിപ്പിക്കാൻ എന്ന് പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നു. ഡ്രൈവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഡ്രൈവറുടെ ലൈസൻസിന്നെതിരെ നടപടിക്ക് ശുപാർശ ചെയ്തതായും പോസ്റ്റിൽ അധികൃതർ വ്യക്തമാക്കി. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. പറവൂർ ചാലക്കര മെഡിക്കൽ കോളേജിനടുത്തുവെച്ച് നായയെ കാറിൽ കെട്ടിവലിച്ചുകൊണ്ട് പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടു. ആദ്യം കാറിന് പിന്നാലെ ഓടിയ നായ വാഹനത്തിന്‍റെ വേഗത കൂടിയതോടെ റോഡിൽ തളര്‍ന്നു വീണു. റോഡിലൂടെ വലിച്ചിഴാണ് കാർ‍ പിന്നീട് മുന്നോട്ട് നീങ്ങിയത്. ക്രൂരത ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനത്തെ പിന്തുടരുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു.  

വാഹനം തടയാൻ ശ്രമിച്ചെങ്കിലും ഇവരോട് ഉടമ കയര്‍ത്തു. പിന്നീട് നാട്ടുകാര്‍ ചേർന്ന് വാഹനം തടഞ്ഞതോടെയാണ് ഇയാൾ നായയെ അഴിച്ചു വിട്ടത്. നായയുടെ ശരീരമാസകലം റോഡിലുരഞ്ഞ മുറിവുകളുണ്ട്. ഇതിന് പിന്നാലെ സംഭവത്തിൽ നാട്ടുകാര്‍ ചെങ്ങമനാട് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ യൂസഫ് ഒളിവിൽ പോവുകയായിരുന്നു. പൊലീസിന് പുറമേ ആനിമൽ വെൽഫെയർ ബോര്‍ഡിനും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.