എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകൾ പരിശോധിച്ച് സിഎംഎഫ്ആർഐ നടത്തിയ പരിശോധനയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയെന്നും സജി ചെറിയാൻ

തിരുവനന്തപുരം: എംഎസ്സി എൽസ കപ്പലപകടത്തിൽ വലിയ അളവിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. 1400 ടൺ പാസ്റ്റിക് മാലിന്യമുണ്ടായിയെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തിൽ പ്രശ്നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി. എറണാകുളം, കൊല്ലം ഉൾപ്പെടെയുളള തീരങ്ങളിൽ നിന്ന് പരിശോധന നടത്തി. ചില കണ്ടെയ്നറുകളിൽ നിന്ന് കുമ്മായം കടലിൽ കലർന്നിട്ടുണ്ട് ഇത് ജലത്തിന്റെ പിഎച്ച് മൂല്യത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകൾ പരിശോധിച്ച് സിഎംഎഫ്ആർഐ നടത്തിയ പരിശോധനയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയെന്നും സജി ചെറിയാൻ സഭയെ അറിയിച്ചു. അയല മുട്ടകളും ശേഖരിച്ചു പരിശോധിച്ചു. ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് മലിനികരണത്തിന്റെ തോത് മനസിലാക്കിയത്. തീരത്ത് ശുചീകരണം നടത്തി. തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. 143 കണ്ടെയ്നറുകളിൽ അപകട വസ്തുക്കൾ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരത്തെ മത്സ്യ തൊഴിലാളികൾക്ക് 10.55 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്നും സജി ചെറിയാൻ വിശദമാക്കി.

ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തുവെന്ന് മന്ത്രി 

 പരിസ്ഥിതി മലിനീകരണത്തിന് പിഴ ചുമത്തി. 16705.65 കോടി രൂപ സെക്യൂരിറ്റി തുക നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സർക്കാരിന് ചെയ്യാവുന്നതിൽ പരമാവധി കാര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. കപ്പൽ മുങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനുള്ള നടപടികളിൽ മെല്ലെപ്പോക്ക് തുടരുകയാണ് സർക്കാർ. ബാധ്യത 132 കോടിയിൽ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കോടതിയെ അറിയിച്ചിട്ടും സർക്കാർ ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ല. കാൽസ്യം കാർബൈഡ് അടക്കമുള്ള 640 കണ്ടെയ്നറുകളാണ് മെയ് 25നുണ്ടായ അപകടത്തിൽ കേരള തീരത്ത് മുങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം