കോഴിക്കോട്: സിപിഎം കേരളത്തിലെ സ്വർണക്കള്ളക്കടത്ത് സംഘമായി മാറിയെന്ന് ബിജെപി നേതാവ് എം ടി രമേശ് ആരോപിച്ചു. സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹിമും കാരാട്ട് റസാഖും. സ്വർണക്കള്ളക്കടത്ത് സംഘമാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കടത്ത് ലോബിയുടെ പണമാണ് സിപിഎമ്മിൻ്റേത്. കള്ളക്കടത്ത് സംഘത്തിൻ്റെ ബിനാമികളായി സിപിഎം മാറി. കാരാട്ട് ഫൈസലിന് എതിരെ എന്തുകൊണ്ട് സിപിഎം നടപടിയെടുക്കുന്നില്ല. ഇതിനെക്കുറിച്ച് അന്വേഷണം വേണം. സിപിഎം നേതൃത്വത്തിന് അധോലോക ബന്ധമുണ്ട്. 
അച്ഛൻ സ്വർണക്കള്ളക്കടത്തുകാരൻ്റെ കാറിൽ യാത്ര നടത്തുന്നു, മകൻ മയക്കുമരുന്ന് സംഘത്തിന്റെ കൂടെയാണെന്നും കോടിയേരി ബാലകൃഷ്ണനെയും ബിനീഷ് കോടിയേരിയെയും സൂചിപ്പിച്ച് എം ടി രമേശ് അഭിപ്രായപ്പെട്ടു.

കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിടിഎ റഹിം എംഎൽഎ ചെയർമാനും കാരാട്ട് ഫൈസൽ ഡയറക്ടറുമായ കൊടുവള്ളി കിംസ് ആശുപത്രിയുടെ മുന്നിലേക്ക് യുവമോർച്ച നടത്തിയ  പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു എ ടി രമേശ്.