തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട എന്ന നിലപാട് സിപിഎം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമം. ഈ പാർട്ടിയെ ആർക്കും രക്ഷിക്കാനാകില്ല. വി എസ് അച്യുതാനന്ദൻ ആൺകുട്ടിയായിരുന്നു. അങ്ങനെയുള്ള നേതാക്കൾക്ക് ആർജവത്തോടെ സംസാരിക്കാനാകാത്തതാണ് സിപിഎമ്മിന്റെ അപചയത്തിന് കാരണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മന്ദഗതിയിലാണ്. കെ.ടി ജലീലിനെ ചോദ്യം ചെയ്തതിന് ശേഷം തുടർനടപടിയില്ല. ഉന്നത നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും അന്വേഷണം എത്തുന്നില്ല. ബിജെപി-സിപിഎം രഹസ്യ ധാരണ എന്ന് പറയേണ്ടിവരും. കോടിയേരി മക്കളെ ഇങ്ങനെ അല്ലായിരുന്നു വളർത്തേണ്ടിയിരുന്നത്. മൂത്ത മകൻ അധോലോകത്തെ ആൾക്കാരെയും കൊണ്ടുചെന്നാണ് ഇന്നലെ ഇഡി ഓഫീസിൽ ചെന്ന് ബഹളം ഉണ്ടാക്കിയത്. 

കേന്ദ്ര ഏജൻസികളെ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ആരോ തടയുന്നു. അന്വേഷണം സംബന്ധിച്ച രേഖകൾ എല്ലാം എത്രയും വേഗം പിടിച്ചെടുക്കണം.  മിടുക്കരായ ഉദ്യോഗസ്ഥർക്ക് ആരോ വിലങ്ങ് ഇട്ടതായി തോന്നുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു.