നാളെ രാവിലെ 10 മണിയോടെ നിലവിലെ റൂള്‍ കര്‍വില്‍ എത്തിയേക്കും.
ഇടുക്കി: മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും. ജലനിരപ്പ് 136.05 അടിയിലെത്തി. തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ 10 മണിയോടെ നിലവിലെ റൂള്‍ കര്‍വില്‍ എത്തിയേക്കും. മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്. മലമ്പുഴ ഡാം നാളെ രാവിലെ ഒന്‍പത് മണിയോടെ തുറന്നേക്കും. കല്‍പ്പാത്തി,ഭാരതപ്പുഴ, മുക്കൈ പുഴയോരവാസികള്‍ ജാഗ്രത പാലിക്കണം. ഇടുക്കി കല്ലാര്‍ അണക്കെട്ട് തുറന്നേയ്ക്കും. കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കും. തെന്മല ഡാം നാളെ രാവിലെ 11 ന് തുറക്കും. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു. ചിമ്മിനി ഡാമിലെ കൂടുതല്‍ വെള്ളം തുറന്നുവിടുകയാണ്. കുറുമാലി പുഴക്കരയിലുള്ളവര്‍ മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള ഷോളയാര്‍ അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു.
അതീവ ജാഗ്രത പുലർത്തണം- മുഖ്യമന്ത്രി
മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും മഴ തുടരും. കാലാവ്സഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾ പ്രാധാന്യത്തോടെ കാണണം.
അടുത്ത ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്‌ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
വീഡിയോയ്ക്കായി പോസ് ചെയ്യവേ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു,യുവാവിനെ കാണാനില്ല
