Asianet News MalayalamAsianet News Malayalam

ലൈഫ് മിഷൻ, പെരിയ ഇരട്ടക്കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമം: മുല്ലപ്പള്ളി

സിബിഐ അന്വേഷിക്കുന്ന കേസുകള്‍ ഏതുവിധേനയും വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ മുഖ്യമന്ത്രി നടത്തുന്നത്‌.പെരിയ ഇരട്ടക്കൊല സിബിഐ അന്വേഷിക്കാതിരിക്കാന്‍ സുപ്രീം കോടതി കയറി സര്‍ക്കാരിന്‌ കനത്ത തിരിച്ചടിയാണ്‌ കിട്ടിയത്‌

Mullappally against Pinarayi Govt
Author
Thiruvananthapuram, First Published Sep 30, 2020, 6:04 PM IST

തിരുവനന്തപുരം: ലൈഫ്‌ മിഷന്‍, പെരിയ ഇരട്ടക്കൊലപാതക കേസുകളിലെ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വാഗതം ചെയ്യുകയും അവരുടെ പ്രവര്‍ത്തനങ്ങളെ ആദ്യം പ്രകീര്‍ത്തിക്കുകയും ചെയ്‌തത്‌ മുഖ്യമന്ത്രിയാണ്‌. തന്റെ ആവശ്യപ്രകാരമാണ്‌ കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക്‌ വന്നതെന്ന്‌ മേനി നടിച്ച മുഖ്യമന്ത്രി ഇപ്പോള്‍ സിബിഐയെ ഭയപ്പെടുന്നത്‌ എന്തുകൊണ്ടാണെന്ന്‌ കേരള ജനതക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണം മുന്നോട്ട്‌ പോകുമ്പോള്‍ ലൈഫ്‌ മിഷന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന കാര്യം അദ്ദേഹത്തിന്‌ അറിയാം. ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ്‌ ഈ ഇടപാടില്‍ നടന്നത്‌. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പോലീസ്‌ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ വിജിലന്‍സ്‌ അന്വേഷണം എന്ന പ്രഹസനം നടത്തി തെളിവ്‌ നശിപ്പിക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ലൈഫ്‌ മിഷന്‍ ക്രമക്കേട്‌ ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ അകത്തുപോകുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ട്‌. അതുകൊണ്ടാണ്‌ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിബിഐ അന്വേഷിക്കുന്ന കേസുകള്‍ ഏതുവിധേനയും വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ മുഖ്യമന്ത്രി നടത്തുന്നത്‌.പെരിയ ഇരട്ടക്കൊല സിബിഐ അന്വേഷിക്കാതിരിക്കാന്‍ സുപ്രീം കോടതി കയറി സര്‍ക്കാരിന്‌ കനത്ത തിരിച്ചടിയാണ്‌ കിട്ടിയത്‌.എന്നും വേട്ടക്കാര്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണ്‌ സി.പി.എം. പലതവണ ആവശ്യപ്പെട്ടിട്ടും സി.ബി.ഐക്ക്‌ കേസ്‌ ഡയറിയും അനുബന്ധ രേഖകളും നല്‍കാന്‍ ക്രൈംബ്രാഞ്ച്‌ തയ്യാറാകുന്നില്ല.ഇതിന്‌ പിന്നില്‍ സി.പി.എം ഉന്നത ഇടപെടലുണ്ട്‌.ആറുതവണയാണ്‌ ഇതേ ആവശ്യം ഉന്നയിച്ച്‌ സി.ബി.ഐ ക്രൈംബ്രാഞ്ചിന്‌ കത്തു നല്‍കിയത്‌. ഇനിയും തയ്യാറായില്ലെങ്കില്‍ കേസ്‌ ഡയറി പിടിച്ചെടുക്കുമെന്ന്‌ ചൂണ്ടിക്കാട്ടി ക്രൈംഞ്ച്രാഞ്ചിന്‌ കത്തു നല്‍കിയിട്ടുണ്ട്‌. അസാധാരണമായ സംഭവമാണിത്‌. ഇത്തരത്തില്‍ സി.ബി.ഐ കേസ്‌ ഡയറി പിടിച്ചെടുത്താല്‍ കേരള പോലീസിന്‌ നാണക്കേടുണ്ടാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios