ദില്ലി: സംഘടനാ തെരഞ്ഞെടുപ്പെന്ന കോൺഗ്രസ് എംപി കെ സുധാകരന്റെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന്  മുല്ലപ്പള്ളി പറഞ്ഞു. ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ല. സുധാകരന് ആവശ്യമെങ്കിൽ ഹെക്കമാൻഡിനോട് നേരിട്ട് ആവശ്യപ്പെടാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി വീണയുടെ പോസ്റ്റർ വിവാദത്തിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന സംശയം ആവർത്തിച്ച മുല്ലപ്പള്ളി അന്വേഷണ കമ്മീഷൻ ജയപരാജയങ്ങളെക്കുറിച്ച് പരിശോധിക്കാനല്ലെന്നും പ്രതികരിച്ചു. സംഘടനാ പ്രവർത്തനം കൃത്യമായി നടത്തുന്നവരുമായേ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയൂ. അല്ലാത്തവരെ വച്ച് പൊറുപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. 

നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് കെ. സുധാകരൻ എം പി തുറന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയവരെ കണ്ടെത്തുകയും അവരെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.