കോഴിക്കോട്: കൊവിഡ് രോഗത്തിന്റെ പ്രാരംഭഘട്ടം മുതല്‍ വണ്‍മാന്‍ഷോ നടത്തി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനോ സഹകരിപ്പിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. അഴിമതിയ്ക്കും സ്വര്‍ണ്ണക്കടത്തിനും ഒഴികെ സര്‍ക്കാരിന്‍റെ  പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണപിന്തുണ നല്‍കിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു 

സര്‍ക്കാരിന്‍റെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണ സഹകരണമാണ് നല്‍കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭക്ഷണം, മരുന്ന്, യാത്രാസൗകര്യം തുടങ്ങി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എന്നാല്‍ സാമൂഹിക അടുക്കള മുതല്‍ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും സിപിഎമ്മും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കളെയും യു.ഡി.എഫ് ഘടകക്ഷികളിലെ പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ചു കേസുചാര്‍ജ്ജ് ചെയ്തെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ കെഡ്രിറ്റ് ഏതുവിധേനയും സ്വന്തമാക്കുകയായിരുന്നു മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റേയും ലക്ഷ്യം. പി.ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് അന്താരാഷ്ട്രതലത്തില്‍ പ്രചാരം നേടാനുള്ള അവസരമായി കണ്ട് അതിനുള്ള ശ്രമം നടത്തി. ബിബിസി പോലുള്ള മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തി. ഒടുവില്‍ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ ബിബിസി തെറ്റുതിരുത്തി  പാളിച്ച തുറന്നുകാട്ടി വാര്‍ത്ത നല്കി .

കൊവിഡിനെ മറയാക്കി മദ്യം, മണല്‍ മാഫിയകള്‍ക്ക് സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ച് മദ്യശാലകള്‍ തുറന്നു. രോഗവ്യാപനം ഉണ്ടാകുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ പാടെ അവഗണിച്ചു.  പ്രവാസികളോടും മറുനാടന്‍ മലയാളികളോടും സര്‍ക്കാര്‍ കാട്ടിയ അവഗണനയ്‌ക്കെതിരെ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എന്നനിലയ്ക്ക് കോണ്‍ഗ്രസിന് പ്രതിഷേധിക്കാതിരിക്കാനാവില്ല. 

പ്രവാസികള്‍ക്കായി രണ്ടര ലക്ഷം ക്വാറന്റൈന്‍ കേന്ദ്രങ്ങളും 1,30,000 കിടക്കളും ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒടുവില്‍ അവരെ വഞ്ചിച്ചു. പ്രവാസികളുടെ കേരളത്തിലേക്കുള്ള വരവ് എങ്ങനെയും തടയാന്‍ ശ്രമം നടത്തി. പ്രവാസികളെ മരണത്തിന്റെ വ്യാപാരികളാക്കി ചിത്രീകരിച്ചു. ഇതിനെതിരെയും കൊവിഡ് രോഗികളുടെ ഡേറ്റ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവാദ പി.ആര്‍ കമ്പനിയ്ക്ക് കച്ചവടം നടത്താനുള്ള നീക്കത്തിനെതിരേയും കോണ്‍ഗ്രസിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് ഉയര്‍ന്നുവന്നത്.

ഇതിനിടെയാണ് സ്വര്‍ണ്ണകള്ളക്കടത്ത് സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കേണ്ട ഘട്ടമാണിതെങ്കിലും കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നതിന്റെയും കേരള ഹൈക്കോടതി ജൂലൈ 31 വരെ സമരങ്ങള്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചതിന്റെയും പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി സമരങ്ങളില്‍ നിന്ന് പിന്‍മാറിയത്.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവയ്ക്കാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിയ്ക്ക് തെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. ഐ.എം.എ, ആരോഗ്യവിധഗ്ദ്ധര്‍ തുടങ്ങിയവര്‍ നല്‍കിയ മുന്നറിയിപ്പ് വകവയ്ക്കാതെയെടുത്ത സര്‍ക്കാരിന്റെ തീരുമാനങ്ങളാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത്  നിന്നും വലിയ ജാഗ്രതക്കുറവാണ് ഉണ്ടായത്. 

രോഗവ്യാപനം തിരിച്ചറിയാന്‍ ആവശ്യമായ ടെസ്റ്റുകള്‍ നടത്തുന്നതില്‍ കേരളം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചിട്ടും ആവശ്യമായ മുന്‍കരുതലെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല. കൊവിഡ് രോഗികളെ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കൈമാറുന്നതിലും സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന ആക്ഷേപം ഐ.എം.എ തന്നെ ഉന്നിയിച്ചിട്ടുണ്ട്. 

രോഗവ്യാപനം ശക്തമായ സാഹചര്യത്തില്‍  എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ സര്‍ക്കാര്‍ ഒഴിവാക്കേണ്ടതായിരുന്നു. സംസ്ഥാനത്ത് 88521 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതാനെത്തിയ മൂന്ന് പേര്‍ക്ക് ഇതിനോടകം കൊവിഡ് പോസിറ്റീവായി കഴിഞ്ഞു. ഇത് ആശങ്കവര്‍ധിപ്പിക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.