Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത്; കൊഫേപോസ ചുമത്തണം, മുഖ്യമന്ത്രിയെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ഒളിവിൽ കഴിയാൻ സംരക്ഷണ കവചം ഒരുക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കടത്ത് കേസിൽ ആരോപണത്തിൽ ആകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. 

mullappally ramachandran on gold smuggling controversy
Author
Thiruvananthapuram, First Published Jul 7, 2020, 4:02 PM IST

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ സംശയത്തിന്റെ മുന നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയോ പാർട്ടിയോ ഓഫീസോ അറിയാതെ ഒരു നിയമനവും നടന്നിട്ടില്ല. സംഭവത്തിൽ സിബിഐ അന്വേഷണം വേണം.. കൊഫെപോസ ചുമത്തി കേസെടുക്കണം. മുഖ്യമന്ത്രിയെ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ഒളിവിൽ കഴിയാൻ സംരക്ഷണ കവചം ഒരുക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കടത്ത് കേസിൽ ആരോപണത്തിൽ ആകുന്നത് ചരിത്രത്തിൽ ആദ്യമായാണ്. മുഖ്യമന്ത്രി രക്ഷപ്പെടാൻ പോകുന്നില്ല. ലണ്ടൻ ആസ്ഥാനമായ പിഡബ്ല്യുസി കമ്പനിയുമായി കരാർ നടത്താൻ ഇടനില നിന്നത് ശിവശങ്കരനാണ്. അദ്ദേഹം തന്നെയാണ് സൂത്രധാരൻ. 

സർക്കാർ പ്രവാസികളെയും യുഎഇയെയും അപമാനിച്ചു. ഈ സ്വർണം ആരാണ് കൈപ്പറ്റിയത്? സ്വർണം എങ്ങോട്ടു പോയി? സിപിഎമ്മിന്നും ഉദ്യോഗസ്ഥർക്കും എത്ര കമ്മീഷൻ കിട്ടി?മുഖ്യമന്ത്രി സ്വപ്നലോകത്താണ്. മുഖ്യമന്ത്രിക്ക് എല്ലാം വാരിപ്പിടിക്കാനുള്ള വല്ലാത്ത ധൃതിയാണ്. സ്വപ്ന സുരേഷിന്റെ മകൾക്ക് എസ്.എഫ്.ഐ ബന്ധം ഉണ്ടോ എന്ന് കണ്ടെത്തണം. 

സിബിഐയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സിപിഎമ്മും ബിജെപിയും അനുവദിക്കണം. സമാന്തര സമ്പദ് വ്യവസ്ഥ വളരുകയാണ്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണമാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ് നാളെ ബൂത്ത് തലങ്ങളിൽ സമരം നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

Read Also: അറംപറ്റി 'അവതാര' പ്രയോഗം; സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിരോധത്തിലായി പിണറായിയും സിപിഎമ്മും...

 

Follow Us:
Download App:
  • android
  • ios