Asianet News MalayalamAsianet News Malayalam

എന്‍സിപിയെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് മുല്ലപ്പള്ളി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിലെ ഞെട്ടലിലാണ് കേരളത്തിലെ എൻസിപി ഘടകം. 

Mullappally Ramachandran says cpm should fire ncp
Author
Trivandrum, First Published Nov 23, 2019, 12:00 PM IST

തിരുവനന്തപുരം: എന്‍സിപിയെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു മത നിരപേക്ഷ ജനാധിപത്യ രാഷ്‍ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ പുറത്താക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. എൻസിപിയെ പുറത്താക്കി സിപിഎം സത്യസന്ധത തെളിയിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചത്. നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്നെുമായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാര്‍ പ്രതികരിച്ചത്. 

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയിലെ ഞെട്ടലിലാണ് കേരളത്തിലെ എൻസിപി ഘടകം. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിൽ അജിത് പവാര്‍ പങ്കാളിയായതോടെ പെട്ടെന്നൊരു പ്രതികരണത്തിന് പോലും കഴിയാത്ത വിധം പ്രതിരേധത്തിലായിരുന്നു കേരള എൻസിപി. എന്താണ് നടന്നതെന്ന് പോലും നേതാക്കൾക്ക് വ്യക്തതയില്ലാത്ത അവസ്ഥയിലായി. മാത്രമല്ല ഇടത് മുന്നണിയുടെ ഘടക കക്ഷിയെന്ന നിലയിൽ ദേശീയ നേതൃത്വത്തിൽ ഒരു വിഭാഗം ബിജെപിയുമായി സഖ്യത്തിൽ ഏര്‍പ്പെടുന്ന സാഹചര്യവും കേരള എൻസിപിയെ പ്രതിരോധത്തിലാക്കുകയാണ്. 

അജിത് പവാറിന്‍റെ നീക്കം വ്യക്തപരമാണെന്ന പ്രഖ്യാപനവുമായി ശരത് പവാറിന്‍റെ ട്വീറ്റ് എത്തിയ ശേഷമാണ് എന്തെങ്കിലും ഒരു പ്രതികരണത്തിന് സംസ്ഥാന എൻസിപി നേതൃത്വം തയ്യാറായത്. ശരത് പവാര്‍ ബിജെപി സഖ്യത്തിന് എതിരായ നിലപാടെടുത്തതിൽ വലിയ ആശ്വാസവും കേരളത്തിലെ എൻസിപി നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം ലംഘിച്ച് ബിജെപിയുമായി ധാരണ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന എൻസിപി നേതാവ് ടിപി പീതാംബരന്‍റെ പ്രതികരണം.
 

Follow Us:
Download App:
  • android
  • ios