തിരുവനന്തപുരം: പി എസ് സി  റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവസിക്കും. ആഗസ്റ്റ് 31 തിരുവോണനാളില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ഉപവാസം. രാവിലെ 9 ന് ആരംഭിക്കുന്ന ഉപവാസത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

ഞായറാഴ്ചയാണ് ജോലിയില്ലെന്ന കാരണം എഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തത്. പി എസ് സി എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ നിയമനം ലഭിച്ചിരുന്നില്ല.