സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപയുടെ സ്വയം തൊഴിൽ സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ രംഗത്ത്. വിഷയം ഗൗരവമുള്ളതാണെന്ന് പറഞ്ഞ മന്ത്രി ടി സിദ്ദിഖ്, പ്രശ്നപരിഹാരത്തിനായി അടിയന്തര യോഗം വിളിച്ചു

കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ. സ്വയം തൊഴിൽ തുടങ്ങാൻ മൈക്രോ പ്ലാനിലൂടെ സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ നൽകിയില്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധം ഗൗരവത്തിൽ എടുക്കുന്നുവെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചതായും മന്ത്രി അറിയിച്ചു. ചിലർക്ക് മാത്രമാണ് പണം നൽകിയതെന്നും ആളെ നോക്കിയാണ് ലിസ്റ്റ് ഉണ്ടാക്കിയതെന്നും ആരോപിച്ചുകൊണ്ടാണ് ദുരന്തബാധിതർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം കടുപ്പിച്ചത്. തുക പൂർണമായും ആർക്കും ലഭിച്ചിട്ടില്ല, എട്ട് കുടുംബങ്ങൾക്ക് മാത്രമാണ് തുക ഇതുവരെ നൽകിയത് എന്നതടക്കമുള്ള വിഷയങ്ങളാണ് ദുരന്ത ബാധിതർ ഉയർത്തിയിട്ടുള്ളത്. 2 ലക്ഷം രൂപ വീതം എല്ലാവർക്കും പൂർണമായും എത്തിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് മന്ത്രി സിദ്ദിഖ് വ്യക്തമാക്കി. ഒരാഴ്ച കൊണ്ട് ഫണ്ട് ലഭിക്കാനുള്ള നീക്കം നടത്തും. ഓരോ ആളും നൽകിയ പ്ലാൻ അനുസരിച്ചാണ് നേരത്തെ പണം കൊടുത്തതെന്നും എല്ലാവർക്കും പണം നൽകാൻ 9 കോടി ആകെ വേണമെന്നും ഇക്കാര്യങ്ങളെല്ലാം നാളത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

4 കോടി 14 ലക്ഷം രൂപ ഇതുവരെ നൽകി

അതേസമയം 290 കുടുംബങ്ങൾക്കായി 4 കോടി 14 ലക്ഷം രൂപ ഇതുവരെ നൽകിയെന്നാണ് കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യഗസ്ഥർ പറയുന്നത്. ബാക്കി തുക സർക്കാർ നിർദേശ പ്രകാരം വിതരണം ചെയ്യുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ വ്യക്തമാക്കി. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്നും പ്രഖ്യാപിച്ച മുഴുവൻ തുകയും നൽകുന്നതുവരെ പ്രതിഷേധം തുടരുമെന്നുമാണ് ദുരന്തബാധിതരുടെ തീരുമാനം.