കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ പറ്റാത്ത സാഹചര്യമാണ് നഗരസഭക്ക് ഉള്ളതെന്ന് മരട് മുൻസിപ്പൽ ചെയർപേഴ്സൺ ടി എച്ച് നദീറ.  ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ  30 കോടി രൂപയെങ്കിലും വേണം. ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും പ്രതികരണം ഒന്നും ലഭിച്ചിട്ടില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന അറിവ് മാത്രമേ ഉള്ളുവെന്നും ടി എച്ച് നദീറ പറഞ്ഞു. ഫ്ലാറ്റ് ഉടമകളെ കേൽക്കാതെയാണ് സുപ്രീംകോടതി ഉത്തരവെന്നും ഇതിനെതിരെ ക്യുറേറ്റീവ് പെറ്റീഷൻ നൽകാനാണ് തീരുമാനമെന്നും ഫ്ലാറ്റുടമകളിൽ ഒരാളായ ആൻറണി സി എട്ടുകാട്ടിൽ പറഞ്ഞു.

തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ ഈ മാസം  20നകം പൊളിച്ചുമാറ്റണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. സെപ്റ്റംബർ 23ന് ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 20നകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നയിപ്പും സുപ്രീംകോടതി നൽകിയിട്ടുണ്ട്. 

കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന് ഈ കേസിൽ നേരത്തെ കോടതിയുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. പരിസ്ഥിതി നിയമം ലംഘിച്ച് എറണാകുളം ജില്ലയിലെ മരടിൽ നിര്‍മ്മിച്ച അഞ്ച് പാര്‍പ്പിട സമുച്ചയങ്ങൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മെയ് 8നായിരുന്നു സുപ്രീംകോടതി വധിച്ചത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ കോടതി തള്ളി.

അതിന് ശേഷം ഹര്‍ജികൾ എത്തിയതോടെ  വിധി നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നിട്ടും ഫ്ലാറ്റ് പൊളിക്കാൻ നടപടി ഉണ്ടായില്ല. ഇതോടെ സ്വമേധയാ കേസെടുത്താണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. 14 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിക്കുക മാത്രമാണ് ഇനി സംസ്ഥാന സര്‍ക്കാരിന് മുന്നിലെ ഏക വഴി. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്  ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞപ്പോൾ അത്തരം മുടന്തൻ ന്യായങ്ങളൊന്നും പറയേണ്ടെന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ മറുപടി.