കണ്ണൂര്‍: മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ വീണ്ടും സിഒടി നസീറിന്‍റെ രഹസ്യ മൊഴി എടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍  വടകരയില്‍ സിപിഎം വിമത സ്ഥാനാർത്ഥിയായിരുന്ന സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിലാണ് പൊലീസ് നീക്കം.

രഹസ്യമൊഴി എടുക്കുന്നതിന് പോലീസ്  ഇന്ന് കോടതിയില്‍ അപേക്ഷ നൽകും. നേരത്തെ മൂന്ന് തവണ നസീറിന്റെ മൊഴി എടുത്തിരുന്നു. എ എൻ ഷംസീറിനെതിരെ നൽകിയ മൊഴി രണ്ടു തവണ പോലീസ് രേഖപ്പെടുത്തിയില്ല എന്ന് നസീർ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 164 മൊഴി എടുക്കാന്‍ തീരുമാനിച്ചത്. മെയ് 18നാണ് സി ഒ ടി നസീറിനെതിരെ വധശ്രമമുണ്ടായത്. 

അതേസമയം  സി ഒ ടി നസീർ വധശ്രമക്കേസിൽ പ്രതിയായ റോഷനുമായി പൊലീസ് ബെംഗളൂരുവിൽ തെളിവെടുപ്പിന് പോകും. റോഷൻ ഒളിവിൽ താമസിച്ച ഹൊസൂരിലാണ് തെളിവെടുപ്പ് നടക്കുക. മുഖ്യപ്രതികളായ റോഷനും ശ്രീജിലുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇന്നലെ ആക്രമണം നടന്ന റോഡിലുൾപ്പെടെ ഇവരെയെത്തിച്ച് തെളിവെടുത്തിരുന്നു. തിങ്കളാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. കേസിലെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.