കണ്ണൂർ: കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിൽ പോകവെ ബൈക്കിലെത്തിയ സംഘം കണ്ണവം സ്വദേശി സലാഹുദ്ദീനെ വെട്ടിക്കൊല്ലുകയായിരുന്നു. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. പ്രതികാരക്കൊലയാകാനാണ് സാധ്യതയെന്നും പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചു.

ഇന്ന് വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വച്ചാണ് സംഭവം സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകൾ നിലത്തുവീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീൽ 2018 ജനുവരിയിൽ എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിനെ വധിച്ച കേസിലെ ഏഴാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. കൊലയ്ക്കുപിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. പ്രതികാരക്കൊലാകാനാണ് സാധ്യതെന്ന് വ്യക്തമാക്കിയ പൊലീസ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു,.