ബിഷപ്പ് ഹൗസ് സന്ദര്‍ശനശേഷമുള്ള വാസവന്‍റെ പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിക്കുന്നു.

തിരുവനന്തപുരം: സിപിഎമ്മിനെതിരെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി. സിപിഎം പക്ഷം പിടിച്ച് സംസാരിക്കുകയാണെന്നും സമവായശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് സിപിഎമ്മിന്‍റേതെന്നും മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. ബിഷപ്പ് ഹൗസ് സന്ദര്‍ശനശേഷമുള്ള വാസവന്‍റെ പരാമര്‍ശങ്ങള്‍ അനുചിതമാണെന്നാണ് മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിലപാട്. വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിനെ വിമർശിച്ച് സമസ്ത മുഖപത്രവും രംഗത്തെത്തിയിട്ടുണ്ട്. വേട്ടക്കാരന് മന്ത്രിപുംഗവൻ ഹാലേലുയ്യ പാടുന്നുവെന്നായിരുന്നു സുപ്രഭാതത്തിലെ ലേഖനത്തിലെ വിമര്‍ശനം.

പാലാ ബിഷപ്പ് ഏറെ പാണ്ഡിത്യമുളള വ്യക്തിയാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മന്ത്രി പറഞ്ഞത്.നാർകോടിക്സ് ജിഹാദ് വിഷയത്തിൽ ഒരു സമവായ ചർച്ചയുടെ സാഹചര്യമില്ല. സോഷ്യൽ മീഡിയയിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽ ശക്തമായ നടപടി ഉണ്ടാകും. തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത്. ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona