വഖഫ് ബോർഡിലേക്ക് സ്ഥിരം റിക്രൂട്ട്മെന്റ ബോർഡിൻ്റെ ആവശ്യമില്ലെന്ന് അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു. മത സംഘടനാ പ്രതിനിധികളും വഖഫ് ബോർഡും ചേർന്ന നിയമന അതോറിറ്റിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ മുസ്ലീം സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ജമാ അത്താ ഇസ്ലാമി ഒഴികെ എല്ലാ പ്രമുഖ മുസ്ലീം മതവിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വഖഫ് ബോർഡ് നിയമനം പിഎസ്.സിക്ക് വിട്ടതിൽ നേതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് എതിർപ്പറിയിച്ചു. വഖഫ് ബോർഡ് വിഷയം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വഖഫ് ബോർഡിലേക്ക് സ്ഥിരം റിക്രൂട്ട്മെന്റ ബോർഡിൻ്റെ ആവശ്യമില്ലെന്ന് അബ്ദുൾ സമദ് പൂക്കോട്ടൂർ പറഞ്ഞു. മത സംഘടനാ പ്രതിനിധികളും വഖഫ് ബോർഡും ചേർന്ന നിയമന അതോറിറ്റിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിൽ കഴിവുറ്റ ഉദ്യോഗസ്ഥർ വരണമെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും എപി വിഭാഗം നേതാവ് ഖലീലുൾ ബുഹാരി പ്രതികരിച്ചു. വഖഫ് നിയമനത്തിൽ ഇതു വരെയുള്ള രീതിയിൽ മാറ്റം വരണം. പിഎസ്.സി വന്നാലും പ്രശ്നമല്ലെന്നും എന്നാൽ വഖഫ് ബോർഡിലേക്ക് വരുന്നവർ മതവിശ്വാസികൾ ആകണമെനന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിടുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുതാര്യമായ നിയമനം നടക്കണമെന്നുംയോഗത്തിൽ പങ്കെടുത്ത കേരള മുസ്ലീം ജമാ അത്ത് പ്രതിനിധി ആവശ്യപ്പെട്ടു.