ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് മുയിന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി അയയുന്നില്ല. 

കോഴിക്കോട്: മുഈന്‍ അലി തങ്ങളുടെ വിമര്‍ശനം മുസ്ലിം ലീഗില്‍ ഉയര്‍ത്തുന്നത് കടുത്ത പ്രതിസന്ധി. മുസ്ലിം ലീഗ് നേതൃത്വം സമീപകാലത്ത് നേരിട്ടതില്‍ ഏറ്റവും ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തുവച്ച് തൊടുത്തുവിട്ടത്. കെ ടി ജലീല്‍ നിയമസഭയിലടക്കം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായി മുഈന്‍ അലിയുടെ വാക്കുകള്‍. പരസ്യ വിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്കെതിരെ എന്ത് നടപടിയെടിയെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. 

ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലേക്ക് മുയിന്‍ അലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി അയയുന്നില്ല. പരസ്യ പ്രസ്താവന പാടില്ലെന്നതില്‍ കണിശതയുളള ലീഗ് നേതൃത്വം ഹൈദരലി തങ്ങളുടെ മകനെതിരെ എന്ത് നടപടി എടുക്കുമെന്നതാണ് ചോദ്യം. അഴിമതി തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ നടപടിയെടുത്താല്‍ രാഷ്ട്രീയ എതിരാളികള്‍ അത് ആയുധമാക്കുകയും ചെയ്യും. ചുരുക്കത്തില്‍ ചന്ദ്രിക വിഷയത്തിലും എആര്‍ ബാങ്ക് ക്രമക്കേടിലും കടുത്ത പ്രതിസന്ധിയിലായിരുന്ന ലീഗിനെ കൂടുതല്‍ കുരുക്കിലാക്കുന്നതായി മുഈന്‍ അലിയുടെ വാക്കുകള്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാനായി കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ അടക്കമുളളവര്‍ ചന്ദ്രിക വിഷയത്തില്‍ കു‍ഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നായിരുന്നു വിമര്‍ശനം. ചന്ദ്രികയ്ക്കെന്ന പേരില്‍ അ‍ഞ്ചേക്കര്‍ ഭൂമി വാങ്ങിയതില്‍ രണ്ടര ഏക്കര്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ പേരിലാണെന്നും വിമര്‍ശനമുയര്‍ന്നു. ഈ ആരോപണങ്ങള്‍ക്കെല്ലാം മുഈന്‍ അലി ശക്തി പകരുക കൂടി ചെയ്തതോടെ ലീഗില്‍ ചേരിപ്പോര് രൂക്ഷമാകുമെന്ന് വ്യക്തം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.