Asianet News MalayalamAsianet News Malayalam

വിശ്വാസികളെ നിയമിക്കാനാകില്ല, വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടരുത്; കെപിഎ മജീദ്

ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമാണ്. ഇത് അടിയന്തര പ്രാധാന്യമുളള വിഷയമല്ല. നിയമനം പിഎസ്സിക്ക് വിട്ടാൽ വിശ്വാസികളെ നിയമിക്കാനാവില്ല.

muslim league kpa majeed reaction to decision on waqf board
Author
Calicut, First Published Jun 18, 2020, 4:32 PM IST

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടരുതെന്ന് മുസ്ലീം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീ​ദ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമാണ്. ഇത് അടിയന്തര പ്രാധാന്യമുളള വിഷയമല്ല. നിയമനം പിഎസ്സിക്ക് വിട്ടാൽ വിശ്വാസികളെ നിയമിക്കാനാവില്ല. ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് പോലെ പ്രത്യേക സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വർഷങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് വഖഫ് ബോർഡിലെ നിയമനങ്ങൾ പിഎസ് സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. ഇന്നലെയാണ് ഇതുസംബന്ധിച്ച മന്ത്രിസഭാ യോ​ഗ തീരുമാനമുണ്ടായത്. വഖഫ് ബോഡിന് കീഴിലുള്ള ഹെഡ് ഓഫീസിലെയും 8 മേഖല ഓഫീസുകളിലെയും 200ഓളം തസ്തികകളിലാണ്  ഇതോടെ പിഎസ്സിക്ക് നിയമനം നടത്താനാവുക. പുരോഹിതരും മതാധ്യാപകരും നിയമനപരിധിയിൽ വരില്ല. 

2017ൽ തന്നെ പിണറായി സർക്കാർ ഇതിനുള്ള തീരുമാനമെടുത്തെങ്കിലും അന്ന് നടപ്പാക്കാനായില്ല. യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ള ബോർഡ് ചട്ടങ്ങളും വ്യവസ്ഥകളും തയ്യാറാക്കി നൽകിയിരുന്നില്ല. സംസ്ഥാനതലത്തിൽ വ്യാപകമായ പ്രതിഷേധമാണ് ലീഗും ചില മുസ്ലിം സംഘടനകളും അന്ന് നടത്തിയത്. 

പിഎസ്സി മുഖേന നിയമനം നടക്കുമ്പോൾ മതവിശ്വാസികളല്ലാത്തവരും നിയമിക്കപ്പെടും. ഇത് പ്രവർത്തനത്തെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാനവാദം. അതേ സമയം ദേവസ്വംബോർഡിൽ ബോർഡാണ് നിയമനം നടത്തുന്നത്. അതേ വ്യവസ്ഥ വഖഫ് സ്ഥാപനങ്ങളിൽ വേണമെന്നാണ് മുസ്ലിം ലീഗടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടിരുന്നത്.  വഖഫ് ബോർഡിലെ ലീഗിന്റെയും ചില മുസ്ലീം സംഘടനകളുടെയും നിയന്ത്രണം അവസാനിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

Follow Us:
Download App:
  • android
  • ios